ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി മുടക്കി പുതിയ കെട്ടിടം നിർമ്മിക്കും
ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള യു.ഐ.ടി സെന്ററിന്റെ പ്രവർത്തനത്തിനായി കേരള ഖാദി ബോർഡിന്റെ അധീനതയിൽ മുതുകുളത്തുള്ള 23.5 സെന്റ് സ്ഥലം വിട്ടുനൽകുന്നതിന് സർക്കാർ അനുമതി നൽകിയതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, ആലപ്പുഴ ജില്ലാപഞ്ചായത്ത് മെമ്പർ ജോൺതോമസ് കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായിരുന്നപ്പോഴാണ് സെന്റർ ഇവിടെ സ്ഥാപിച്ചത്. ബിഎസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം കോഴ്സുകളിലായി നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന യു.ഐ.ടിക്ക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ഒരു താൽക്കാലിക ക്രമീകരണം എന്ന നിലയിൽ മുതുകുളം ഹൈസ്‌കൂൾ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മുതുകുളം ഹൈസ്‌കൂൾ കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. തുടർന്നാണ് മുതുകുളം ഗ്രാമപഞ്ചായത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഖാദി ഉൽപാദക സഹകരണ സംഘത്തിന്റെ സ്ഥലം യു.ഐ.ടിക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ്മന്ത്രി പി രാജീവിന് ചെന്നിത്തല കത്ത് നൽകിയത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ മുടക്കി ഈ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുമെന്നും ചെന്നിത്തല അറിയിച്ചു.