ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ നി‌‌ർമ്മാണ പ്രവർത്തനങ്ങൾ പരിഷ്കരിക്കാനുള്ള വർക്കിംഗ് കലണ്ടർ പ്രഖ്യാപിച്ച് രണ്ടുവർഷമായിട്ടും നടപ്പായില്ല. ധനവകുപ്പിന്റ അനുമതിയുൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് തടസം.

കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് നിർമ്മാണ പ്രവൃത്തികൾ ക്രമീകരിക്കാൻ മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച പദ്ധതിയിലാണ് മെല്ലെപ്പോക്ക്. 2022 ഒക്ടോബറിൽ കരാറുകാരുടെ യോഗത്തിലാണ് മഴക്കാലത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാകും വിധം വർക്കിംഗ് കലണ്ടർ മന്ത്രി നിർദ്ദേശിച്ചത്. ഇതിന് ഉത്തരവുണ്ടായില്ലെങ്കിലും നിലവിലെ വർക്കുകളുടെ എസ്റ്റിമേറ്റും ടെണ്ടർ നടപടികളുമെല്ലാം കാലാവസ്ഥാകലണ്ട‌ർ വ്യവസ്ഥയിലാണ്.

#വർക്കിംഗ് കലണ്ടർ

ആദ്യഘട്ടം

ഓരോ സാമ്പത്തിക വർഷവും ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസം റോഡുകൾക്കായുള്ള പദ്ധതികളും എസ്റ്റിമേറ്റും തയ്യാറാക്കണം. ഭരണ, സാങ്കേതിക അനുമതികൾ ലഭ്യമായാൽ ടെണ്ടർ ചെയ്യണം. ടെണ്ടർ അംഗീകരിച്ച് കരാറുകാരൻ എഗ്രിമെന്റ് വയ്ക്കുന്നതാണ് ആദ്യഘട്ടം. എസ്റ്റിമേറ്റ് തയ്യാറാക്കൽ മുതൽ ടെണ്ടർ വരെയുള്ള ഒന്നാംഘട്ട പ്രവൃത്തികളിൽ 80 ശതമാനവും ഓഫീസ് ഫയൽ ജോലികളാണ്. ഇത് മഴക്കാലത്ത് ഓഫീസിൽ പൂർത്തിയാക്കാം.

രണ്ടാംഘട്ടം

കാലവർഷവും തുലാവർഷവും കഴിഞ്ഞ് നവംബർ - മേയ് മാസങ്ങളിലെ അനുകൂല കാലാവസ്ഥയിൽ നിർമ്മാണം പൂർത്തിയാക്കണം. എസ്റ്റിമേറ്റ് മുതൽ കംപ്ളീഷൻ വരെയുള്ള ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാം. എസ്റ്റിമേറ്റിന് ശേഷം ജോലി വൈകിയാൽ അസംസ്കൃത വസ്തുക്കളുടെ വിലയും ജോലിക്കൂലിയും വർദ്ധിക്കുന്നത് കരാറുകാരന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയാകും. അത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

സാമ്പത്തിക പ്രതിസന്ധിയും പെരുമാറ്റച്ചട്ടവും ഉൾപ്പടെയുള്ള കാരണങ്ങളാലാണ് പരിഷ്കാരം വൈകിയത്

-ചീഫ് എൻജിനിയർ, മരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം)