a

മാവേലിക്ക: മാലിന്യവാഹിയായി കോട്ടത്തോട്. ഒരു കാലത്ത് മാവേലിക്കരയുടെ പ്രതാപമായിരുന്നു കോട്ടത്തോട് . രാജകുടുംബക്കാർ ശ്രീകൃഷ്ണസ്വാമിയേ വണങ്ങിയ ശേഷം ക്ഷേത്രകുളത്തിൽ എത്തി കെട്ടുവള്ളത്തിൽ അച്ഛൻകോവിൽ ആറ്റിലേക്ക് പോയിരുന്നത് ഈ കോട്ടത്തോടിലൂടെയാണ്. അന്ന് തോടിന്റെ വീതി നാല് മുതൽ ആറ് അടി വരെ ഉണ്ടായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.

ഇത് പഴയകാല ചരിത്രം. രാജാവും പോയി രാജയാത്രകളും പോയി. ഒപ്പം കോട്ടത്തോടിന്റെ പ്രതാപവും മണമറഞ്ഞു. ഇപ്പോൾ തോടിന്റെ വലുപ്പം സ്ലാബുകൾ ഇട്ട് മൂടാവുന്ന പരുവത്തിലേക്ക് എത്തി. മാവേലിക്കരയുടെ ശാപമായി മാറിയിരിക്കുകയാണ് ഇപ്പോൾ കോട്ടത്തോട്. നഗരത്തിലെ മുഴുവൻ മാലിന്യവും ഒഴുക്കി കോട്ടത്തോട്ടിലേക്കാണ് വിടുന്നത്. ഒരുപാട് പ്രതീക്ഷയോടെ കോട്ടത്തോടിന്റെ നവീകരണ ഉദ്ഘാടനം കഴിഞ്ഞ വർഷം നടന്നിരുന്നു. പിന്നീട് കടലാസിൽ മാത്രം പ്രവർത്തനം ഒതുങ്ങി. ഇനി മഴക്കാലമെത്തുന്നതോടെ മാത്രമേ കോട്ടത്തോടിന്റെ ശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും മുറവിളികൾ ഉയരുകയുള്ളു. നവീകരണം നടത്തിയില്ലെങ്കിൽ മഴവെള്ളം ഒഴുകിപോകാതെ മിച്ചൽ ജംഗ്ഷനിൽ കെട്ടിടിക്കുന്ന സാഹചര്യം ഉണ്ടാകും.

.................

 ഓടയ്ക്ക് മുകളിൽ നോ പാർക്കിംഗ് ബോർഡ്

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ കോട്ടത്തോടിന്റെ സ്ലാബ് പൊട്ടികിടക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനോട് ചേർന്ന് ആരംഭിച്ച പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടെ സ്ലാബ് മാറ്റി സ്ഥാപിച്ചിരുന്നു. മുമ്പ് കിടന്ന സ്ലാബ് കോട്ടത്തോട്ടിലേക്ക് പൊട്ടിച്ച് ഇട്ട ശേഷം ഇരുമ്പ് നെറ്റ് വച്ച് പുതിയത് നിർമ്മിച്ച് ഇടുകയായിരുന്നു. ഈ ഭാഗത്തേക്ക് ഒഴുകയെത്തുന്ന വെള്ളം കോട്ടത്തോടിലേക്ക് ഒഴുക്കിവിടാനാണ് ഇത്തരത്തിൽ സ്ലാബ് മാറ്റി സ്ഥാപിച്ചത്. ഈ സ്ലാബാണ് ഇപ്പോൾ പോട്ടിക്കിടക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. വാഹനങ്ങൾ കയറി സ്ലാബ് ഒടിഞ്ഞ് അപകടം ഒഴിവാക്കാനാണ് ഈ കൺകെട്ട് വിദ്യ.