അരൂർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപ് അധികൃതരുടെ അവഗണനയിൽ. ദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനക്കുറവാണ് കായൽ ടൂറിസത്തിന് മങ്ങലേപ്പിക്കുന്നത്. കാക്കത്തുരുത്ത് ദ്വീപിൽ നിന്ന് കാണുന്ന അതിസുന്ദരമായ സൂര്യാസ്തമയം നാഷണൽ ജോഗ്രഫി മാഗസിന്റെ പട്ടികയിൽ ഇടം പിടിച്ചതോടെ ലോകമറിഞ്ഞ ഈ കൊച്ചുദ്വീപിന്റെ ചിരകാലാഭിലാഷമായ ഒരു പാലം. എന്നാൽ ഇനിയും സഫലമായിട്ടില്ല. പാലത്തിന്റെ നിർമ്മാണം പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തടസങ്ങൾ വന്നതോടെ പിന്നീട് പാലം പണി മുടങ്ങി. അന്ന് കായലിൽ പാലത്തിനായി സ്ഥാപിച്ച തുണുകൾ ഇന്നും ദ്വീപ് നിവാസികളോടുള്ള അവഗണനയുടെ പര്യായമായി അവശേഷിക്കുകയാണ്. നിലവിൽ പാലം പണിയുമായി ബന്ധപെട്ട പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചുവെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഒരു ഗവ. ആയൂർവേദ ക്ലിനിക്കും ഒരു അങ്കണവാടിയും മാത്രമാണ് ഇവിടെയുള്ളത്. ടാർ ചെയ്ത റോഡ് ഇല്ല. നല്ല നടവഴികളും കുറവാണ്. തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ ഒരു പോളിംഗ് സ്റ്റേഷൻ ഇവിടുത്തുകാർക്ക് സ്വന്തമായി ഇല്ല. ദേശീയപാതയിലെ എരമല്ലൂരിലെത്തിയാണ് ദ്വീപ് നിവാസികൾ വോട്ട് ചെയ്യുന്നത്. ദ്വീപ് നിവാസികളെ ആശുപത്രിയിലെത്തിക്കാൻ പ്രയാസമേറെയാണ്. ദ്വീപിന് ചുറ്റും കൽക്കെട്ട് ഇല്ലാത്തതിനാൽ വേലിയേറ്റ സമയത്തും മഴക്കാലത്തും വീടുകളിലും ഇടവഴികളിലും വെള്ളത്താൽ മുങ്ങും. പാലം പൂർത്തിയാകുന്നതോടെ ദ്വീപ് നിവാസികൾക്കും ദ്വീപിലെത്തുന്ന വിനോദ സഞ്ചാരികൾക്കും വേണ്ട അടിസ്ഥാന സൗകര്യ വികസനം സാദ്ധ്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
.......
# പ്രകൃതിരമണീയമായ കാക്കത്തുരുത്ത്
കാക്കത്തുരുത്തിലെ പാടവരമ്പുകളും തെങ്ങിൻ തോപ്പുകളും മീൻ വളർത്തു കേന്ദ്രങ്ങളും ഇടവഴികളും സസ്യലതാദികളും വിനോദസഞ്ചാരികളുടെ മനം കവരും. ഒപ്പം ഇവിടുത്തെ അസ്തമയ സൂര്യന്റെ കാഴ്ചയും. ദ്വീപിനു ചുറ്റും വള്ളത്തിലൂടെയുള്ള യാത്രയും കായൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളാണ് കാക്കത്തുരുത്തിന് നൽകുന്നത്.
......
# കടത്തുവള്ളം ആശ്രയം
കാക്കത്തുരുത്തിലേക്ക് പാലമില്ലാത്തതിനാൽ കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചാണ് ഇവിടുത്തുകാർ അക്കരയിക്കരെ കടക്കുന്നത്. കാലവർഷക്കാലത്തും കായലിൽ പോള നിറയുന്ന സമയത്തും കായൽയാത്ര ദുഷ്ക്കരമാകും. വേമ്പനാട്ട് കായലിന്റെ കൈവഴിയായ കൈതപ്പുഴ കായലിലാണ് കാക്കത്തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മൂന്ന് കി.മി നീളവും രണ്ട് കി.മി വീതിയുമുള്ള ചെറുദ്വീപിൽ 207 കുടുംബങ്ങളാണ് താമസിക്കുന്നത്. ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനിൽ നിന്ന് റോഡുമാർഗം തെക്ക് കിഴക്കോട്ട് 1.5 കി മി സഞ്ചരിച്ചാൽ കാക്കത്തുരുത്ത് ഫെറിയിൽ എത്തും ഇവിടെ നിന്ന് വള്ളത്തിൽ സഞ്ചരിച്ചു കാക്കതുരുത്ത് ദ്വീപിലെത്താം.
.........
'' കിഫ്ബിയിൽപ്പെടുത്തി അനുവദിച്ച 33 കോടി രൂപ വിനിയോഗിച്ച് കാക്കത്തുരുത്ത് ദ്വീപിലേക്ക് നിർമ്മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾ നീങ്ങിയാലുടൻ ഭൂഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും. തുടർന്ന് പാലം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ നടത്താനാകും.
- ആർ. പ്രദീപ്, പ്രസിഡന്റ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്