അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.ടി സ്കാൻ മെഷിൻ തകരാറിലായത് രോഗികളെ വലച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് യന്ത്രം തകരാറിലായത്.15 ഓളം രോഗികൾ ഈ സമയം സി.ടി എടുക്കാനായി നിൽപ്പുണ്ടായിരുന്നു. സി.ടി യന്ത്രം കേടാണന്നറിഞ്ഞതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോയി.പിന്നീട് വൈകിട്ട് 5 ഓടെയാണ് അറ്റകുറ്റപണി പൂർത്തിയായത്.ഈ സമയം കാത്തു നിന്ന രോഗികളും പോയിരുന്നു. സി.ടി മെഷിന്റെ പിക്ച്ചർ ട്യൂബിന് വന്ന തകരാറായിരുന്നു സകാനിംഗ് നിലക്കാൻ കാരണം. ആശുപത്രി വാർഡിൽ കിടക്കുന്ന രോഗികൾക്കു പോലും രണ്ടാഴ്ച വരെ നീട്ടിയാണ് പരിശോധനാ ഡേറ്റ് നൽകുന്നത്. ക്യാൻസർ സൊസൈറ്റിയുടെ കീഴിലാണ് ആശുപത്രിയിൽ സി.ടി മെഷിൻ ഉള്ളത്. ഒരു മെഷിൻ കൂടി വന്നാലേ ആശുപത്രിയിലെ രോഗികൾക്ക് പ്രയോജനം ലഭിക്കൂ. ഇവിടെ 1200 രൂപ മേടിക്കുന്ന ടെസ്റ്റിന് സ്വകാര്യ സ്ഥാപനങ്ങളിൽ 1800 വരെയാണ് വാങ്ങുന്നത്. വിഷയത്തിൽ എച്ച്.ഡി.സി ചെയർമാനായ കളക്ടർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.