ആലപ്പുഴ : നഗരം തെരുവുനായ്ക്കൾ കൈയടക്കിയതോടെ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ. ആലപ്പുഴ ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കാനെത്തിയ ഇംഗ്ളണ്ടുകാരനായ സംഗീതജ്ഞനും ഫോട്ടോഗ്രാഫറുമായ തോമസ് റിക്കിന് (46) തെരുവുനായയുടെ കടിയേറ്റത് അടുത്തിടെയാണ്.

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം, സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് വിമാനം കയറിയത് ആലപ്പുഴയ്ക്ക് തന്നെ നാണക്കേടായി. വേനലവധിയായതിനാൽ വിദേശികളും സ്വദേശികളുമായ ധാരാളം സഞ്ചാരികൾ ജില്ലയിലെത്തുന്നുണ്ട്. എന്നാൽ അവർക്ക് സ്വതന്ത്രമായി റോഡിലിറങ്ങി നടക്കാനാേ, വൈകുന്നേരങ്ങൾ ബീച്ചിൽ ചെലവഴിക്കാനോ കഴിയാത്ത അവസ്ഥയാണ്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ജനറൽ ആശുപത്രി, റെയിൽവേസ്റ്റേഷൻ, ബീച്ച്, ജില്ലാക്കോടതി റോഡ്, ശവക്കോട്ട പാലം, സ്വകാര്യ ബസ് സ്റ്റേഷൻ, വലിയകുളം, കൈചൂണ്ടി മുക്ക്, പുലയൻവഴി, വെള്ളക്കിണർ, ആശ്രമം റോഡ്, കളർകോട്, എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങൾ. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യം റോഡരികിൽ കൂടിക്കിടക്കുന്നതും നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.

കൈയുംകെട്ടി അധികൃതർ

1. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിൽ നഗരസഭയും മൃഗസംരക്ഷണവകുപ്പും ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യമിടുന്ന എ.ബി.സി പദ്ധതി നഗരസഭ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല

2. എ.ബി.സി പദ്ധതിപ്രകാരം വന്ധ്യംകരണത്തിന് വിധേയമായ തെരുവുനായ്ക്കളുടെ പുനരധിവാസത്തിന് ഷെൽട്ടറുകൾ സ്ഥാപിക്കാൻ മൃഗസംരക്ഷണവകുപ്പ് സ്ഥലം

കണ്ടെത്തിയെങ്കിലും പിന്നീട് ഒരടിപോലും മുന്നോട്ടുപോയില്ല

3. വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നത് ഒഴിവാൻ പ്രത്യേക ബോധവത്കരണപദ്ധതിക്ക് രൂപം നൽകിയെങ്കിലും അതും ഫലപ്രദമായില്ല. ഭക്ഷണാവശിഷ്ടങ്ങളും അറവുശാല മാലിന്യവും തെരുവിൽ തള്ളുന്നത് നിയന്ത്രിക്കാനാകുന്നില്ല

പരാതിക്ക് ഫലമില്ല

ആലപ്പുഴ ബീച്ചിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം പൊലീസ് നഗരസഭയ്ക്കും ആരോഗ്യ വകുപ്പിനും കത്ത് നൽകിയിരുന്നു. എന്നാൽ, മാലിന്യം കൂടാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മാത്രമാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം മറുപടി നൽകിയത്. നഗരത്തിലെ പല റസിഡന്റ്‌സ് അസോസിയേഷനുകൾ നൽകിയ പരാതികളിൽ അധികൃതർ മറുപടിപോലും നൽകിയില്ല.

തെരുവുനായ് കൂട്ടം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ പരിസരത്ത് തമ്പടിക്കുന്നതിനാൽ ഭയന്നാണ് യാത്രക്കാർ എത്തുന്നത്

- പരമേശ്വരൻ, യാത്രക്കാരൻ

പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും

ആരോഗ്യവകുപ്പ് അധികൃതർ