ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിമുഖത്തെ മണൽ നീക്കം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ ജലസേചന വകുപ്പ് ആരംഭിച്ചു. കാലവർഷത്തിൽ കുട്ടനാട്ടിലെ പ്രളയ ജലം കടലിലേക്ക് ഒഴുക്കി വിടുന്നതിന് ആവശ്യമായ ചാൽ വെട്ടുന്നതിന്റെ അളവ് തിട്ടപ്പെടുത്തുന്ന ജോലികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. അളവെടുത്ത് ഒന്നര ആഴ്ചക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറക്കി ചീഫ് എൻജിനിയർക്ക് കൈമാറി അനുമതി വാങ്ങാനാണ് തീരുമാനം. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിലെ അധിക ജലമാണ് തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് ഒഴുക്കുന്നത്.
സർക്കാരിന്
ആശയക്കുഴപ്പം
പൊഴിമുറിക്കുന്ന ജോലികൾ ഇത്തവണ ജലസേചനവകുപ്പ് നേരിട്ടോ, അതോചവറ കെ.എം.എം.എൽ വഴിവേണോ എന്ന കാര്യത്തിൽ സർക്കാർ ആശയക്കുഴപ്പത്തിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെതാണ് അന്തിമതീരുമാനം.
ദുരന്ത നിവാരണ അതോറിട്ടിയുടെ പരിധിയിൽ വരുന്നതിനാൽ അടിയന്തര സാഹചര്യത്തിൽ ജില്ലാകളക്ടർക്കും തീരുമാനിക്കാം.
തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുതിനുള്ള അനുമതി 2019 മുതൽ കെ.എം.എം.എല്ലിനായിരുന്നു. സ്‌പിൽവേ പാലത്തിനും പൊഴിമുഖത്തിനും ഇടയിൽ ആഴം വർദ്ധിപ്പിക്കാനായിരുന്നു അനുമതി. ഒരു മീറ്റർ ക്യൂബിന് 462 രൂപ നിരക്കിൽ സർക്കാരിലേക്ക് അടച്ചാണ് കെ.എം.എം.എൽ മണൽ കൊണ്ടുപോയിരുന്നത്. ഇങ്ങനെ നീക്കം ചെയ്ത മണൽ കരിമണൽ കമ്പനിക്ക് നൽകുന്നുവെന്ന് ആരോപണം ഉയർന്നതോടെ മൂന്ന് മാസം മുമ്പ് കെ.എം.എം.എല്ലിനെ സർക്കാർ ഒഴിവാക്കിയിരുന്നു.
ആഴംകൂട്ടലിൽ
അനക്കമില്ല
പ്രളയകാലത്ത് ലീഡിംഗ് ചാനലിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണലും എക്കലും അടിഞ്ഞ് ആഴം കുറഞ്ഞതിനെ തുടർന്നാണ് 2019ൽ ഡ്രഡ്ജിംഗ് ആരംഭിച്ചു. വീയപുരം പാണ്ടി ഭാഗത്തും സ്പിൽവേ പാലത്തിനും ടി.എസ് കനാലിനും ഇടയിലുള്ള 11കിലോമീറ്റർ ഭാഗത്തെ ആഴം കൂട്ടാനായിരുന്നു പദ്ധതിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.