ചാരുംമൂട് : ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പൊന്നിൻ കൊടിമര നിർമ്മാണത്തിനുള്ള തേക്കിൻതടി ക്ഷേത്രത്തിലെത്തിച്ച ചടങ്ങ് ഭക്തി നിർഭരമായി.കോന്നി കുമ്മന്നൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് വൃക്ഷപൂജ നടത്തി വെട്ടിയെടുത്ത തേക്കിൻതടി വാഹന ഘോഷയാത്രയാണ് കൊണ്ടുവന്നത്. ചുനക്കര കോട്ടമുക്ക് ജംഗഷനിൽ നിന്ന്വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആയിരക്കണക്കിന് ഭക്തർ തിങ്ങി നിറഞ്ഞ ക്ഷേത്രാങ്കണത്തിൽ ക്രെയിന്റെ സഹായത്തോടെയാണ് നിലം തൊടാതെ തേക്കിൻതടി ഇറക്കി വച്ചത്. കോമല്ലൂർ കൈലാസത്തിൽ ഗംഗാധരൻ പിള്ളയാണ് തേക്കിൻ തടിവഴിപാടായി സമർപ്പിച്ചിരിക്കുന്നത്. തുടർന്ന് പടിപടിയായി കൊടിമര നിർമ്മാണ ചടങ്ങുകൾ ആരംഭിക്കുമെന്ന് ക്ഷേത്ര ദേവസ്വം ഭാരവാഹികൾ പറഞ്ഞു.