തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്ന് ഇരുമ്പ് കമ്പി തെറിച്ചു വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. യൂത്ത് കോൺഗ്രസ്‌ കോടംതുരുത്ത് മണ്ഡലം പ്രസിഡന്റ്‌ ലിജിൻ തോമസിനാണ് പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ ലിജിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിൽ എസ് ബി.ഐ ബാങ്കിന് മുൻവശം ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എലിവേറ്റഡ് ഹൈവേതുണിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഗർഡറിൽ പുറത്തേക്ക് നിന്ന കമ്പി മുറിച്ചു മാറ്റുന്നതിനിടെ 4 കിലോയോളം ഭാരമുള്ള കമ്പിയുടെ കഷ്ണം തെറിച്ചു ലിജിന്റെ തലയിൽ വന്നു വീഴുകയായിരുന്നു. കുത്തിയതോട്ടിൽ നിന്ന് എരമല്ലൂരിലേക്ക് പോകുകയായിരുന്നു ലിജിൻ. ഹെൽമറ്റ് വച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തോളെല്ലിന് പരിക്കുണ്ട്. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ട്രിഫിൻ മാത്യുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. കുത്തിയതോട് പൊലീസിൽ പരാതി നൽകി.