ആലപ്പുഴ: സ്‌പീഡ് ബോട്ടുകളുടെ അമിതവേഗം മറ്റുജലയാനങ്ങൾക്ക് ഭീഷണിയാകുന്നു.

50 കിലോമീറ്ററിൽ താഴെ വേഗമാണ് സ്പീഡ് ബോട്ടുകൾക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ 100 മുതൽ 130 കിലോമീറ്റർ വേഗത്തിലാണ് പല സ്പീഡ് ബോട്ടുകളും ചീറിപ്പായുന്നത്. നാട്ടുകാരുടെയും സഞ്ചാരികളുടെയും നിരന്തര പരാതിയെ തുടർന്ന് പുന്നമട സായി മുതൽ ഫിനിഷിംഗ് പോയന്റ് വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വട്ടക്കായൽ, മാർത്താണ്ഡം കായൽ, കാവാലം, കൈനകരി എന്നിവിടങ്ങളിൽ അമിത വേഗത്തിലുള്ള ഇവരുടെ സഞ്ചാരം തുടരുകയാണ്. സ്‌പീഡ് ബോട്ടുകളെ നിയന്ത്രിക്കുന്നതിലും മറ്റ് ജലയാനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിലും തുറമുഖവകുപ്പും ജില്ലാഭരണകൂടവും വീഴ്ച വരുത്തുന്നതായും ആക്ഷേപമുണ്ട്.

ചെറുവള്ളങ്ങൾക്ക്

വലിയ ഭീഷണി

സ്‌പീഡ് ബോട്ടുകൾ പായുമ്പോൾ വലിയ ഓളമാണ് കായലിൽ ഉണ്ടാകുന്നത്. ഇതിൽപ്പെടാതെ ചെറുവള്ളങ്ങളിലും മറ്റും രക്ഷപ്പെടുന്നത് പലപ്പോഴും തലനാരിഴയ്ക്കാണ്. വിദേശ സഞ്ചാരികൾ ഉൾപ്പടെയുള്ളവർ സ്പീഡ് ബോട്ടുകളിൽ സഞ്ചരിക്കാറുണ്ടെങ്കിലും ഇവ വാടകയ്‌ക്കെടുത്ത് മദ്യലഹരിയിൽ പായുന്ന നാടൻ സഞ്ചാരികളാണ് അപകടകാരികളെന്നാണ്

ബോട്ട് ജീവനക്കാർ പറയുന്നത്. വ്യക്തമായ സഞ്ചരവഴിയില്ലാത്തതിനാൽ ഏതുവഴിയും സ്പീഡ് ബോട്ടുകൾ പാഞ്ഞ് വരാമെന്നതാണ് അവസ്ഥ. പുല്ല് ചെത്താനും മത്സ്യക്കച്ചവടത്തിനും നഗരത്തിലെത്താനുമെല്ലാം ചെറുവള്ളങ്ങളെ ആശ്രയിക്കുന്ന നാട്ടുകാർക്കാണ് സ്പീഡ് ബോട്ടുകളുടെ തന്നിഷ്ട യാത്ര വലിയ ഭീഷണിയായിരിക്കുന്നത്.

സ്‌പീഡ്ബോട്ടുകളുടെ

അനുവദനീയവേഗം:

50കി.മീറ്ററിൽ താഴെ


സ്പീഡ് ബോട്ടുകളുടെ അമിതവേഗം നിയന്ത്രിക്കണം. കുട്ടനാട്ടുകാർ ആശുപത്രികളിൽ ഉൾപ്പടെ പോകുന്നത് ചെറുവള്ളങ്ങളിലാണ്. ഇത്തരം യാത്രകൾക്ക് ഭീഷണിയാണ് നിയന്ത്രണമില്ലാത്ത സ്പീഡ് ബോട്ടുകൾ

- വിനോദ്, കാവാലം