മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രത്തിലെ പറയെടുപ്പ് ദിവസം മുൻ വർഷങ്ങളിൽ നിന്നും മാറ്റം വരുത്തിയതിനെതിരെ ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പിൽ ഏറ്റവും അവസാനം പറയെടക്കുന്നത് കുട്ടമ്പേരൂർ എടവന ശാരദാമണിയുടെ വീട്ടിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ മേയ് അഞ്ചിന് ഇവിടുത്തെ പറയെടുക്കുമെന്നായിരുന്നു നോട്ടീസിലെ അറിയിപ്പ്. ഇതിനെതിരെ ശരാദാമണി ആലപ്പുഴ അവധിക്കാല കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ മുൻ വർഷങ്ങളിലേതുപോലെ എട്ടിനും ഒമ്പതിനും ഇടയിലുള്ള രാത്രിയിൽ ഈ വീട്ടിലെ പറയെടുക്കണമെന്ന് ജസ്റ്റീസ് ജി.ഗിരീഷ് ഉത്തരവായി. 'പറയെടുപ്പ്' ചടങ്ങിലെ സമയമാറ്റം കുന്നത്തൂർ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ടുള്ള പരാതിക്കാരിയുടെ വിശ്വാസങ്ങളെ ബാധിക്കുമെന്നതിനാൽ ബുദ്ധിമുട്ടുകൾക്ക് കാരണമാകും എന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി, ഇത് ഈ വർഷത്തെ പറയെടുപ്പിനാണ് ബാധകം എന്ന് ഉത്തരവിൽ പറയുന്നു.കുന്നത്തുർ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് നല്കിയവരിൽപ്പെട്ടവരുടെ വീടുകളിൽ പറയെടുക്കാതിരുന്നത് കഴിഞ്ഞയാഴ്ച പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. കേസ് നൽകിയവരിൽ ഒരാളായ കാക്കരേത്ത് മനോജിന്റെ വീട്ടിൽ ഭഗവതിക്ക് പറ സമർപ്പിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയെങ്കിലും പറയെടുത്തില്ല. പ്രശ്നം രൂക്ഷമായതോടെ മാന്നാർ സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷത്തെപ്പോലെ പറയെടുപ്പ് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കുന്നത്തൂർ ദേവസ്വം പ്രസിഡന്റ് സുനിൽ ശ്രദ്ധേയം സ്ഥാനം രാജിവെച്ചിരുന്നു. ക്ഷേത്ര ഭരണ സമിതിക്കെതിരെ പരാതി നൽകിയവരിൽ ഒരാളുടെ വീടാണ് എടവനയും.