bjp-bank-samaram-

ബുധനൂർ: നിക്ഷേപകരുടെ പണം തിരികെ നൽകാത്തതിനെ തുടർന്ന് ബുധനൂർ സവീസ് സഹകരണ ബാങ്കിന് മുന്നിൽ വീണ്ടും സമരവുമായി ബി.ജെ.പിയും നിക്ഷേപക കൂട്ടായ്മയും. കഴിഞ്ഞ ഡിസംബറിൽ ബാങ്കിന് മുന്നിൽ നടത്തി വന്ന സമരത്തിന് നേതൃത്വം നൽകിയ ബി.ജെ.പി പ്രവർത്തകരുമായും നിക്ഷേപക പ്രതിനിധികളുമായും ബാങ്ക് ഭരണസമിതി നടത്തിയ ചർച്ചയിൽ,​ 6 മാസത്തിനകം മുഴുവൻ നിക്ഷേപകർക്കും പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിനെ തുടർന്ന് താൽക്കാലികമായി സമരം നിർത്തി വെക്കുകയും ചെയ്തിരുന്നു. .ഇന്നലെ സമരസമിതി പ്രവർത്തകർ ബാങ്കിൽ എത്തിയപ്പോൾ പണം നൽകുന്ന കാര്യത്തിൽ തീരുമാകാത്തതിനാൽ ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിക്ഷേപകരെ ചതിക്കുന്ന ബാങ്ക് ഭരണസമിതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റും സമരസമിതി കൺവീനറുമായ സതീഷ് കൃഷ്ണൻ പറഞ്ഞു. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണപിള്ള, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും സമരസമിതി കൺവീനറുമായ ശ്രീകുമാർ നെടുംചാലിൽ, രാജ് മോഹനൻ, ഗ്രാമ പഞ്ചായത്തംഗം ശാന്താ ഗോപകുമാർ, രാജേഷ് കടമ്പൂര്, ശ്രീകുമാർ ബുധനൂർ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.