photo

ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ കരിങ്ങാലിച്ചാൽ പുഞ്ചയിലെ പള്ളിമുക്കം പാടശേഖരത്തിൽ കർഷകർക്ക് തിരിച്ചടിയായി വരിനെല്ല് ശല്യം. കഴിഞ്ഞ വർഷത്തേതിന്റെ പകുതി വിളവുമാത്രമാണ് മിക്ക കർഷകർക്കും ലഭിച്ചത്.

വിതകഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് നെല്ലിന് കതിര് വന്നപ്പോഴാണ് വിത്തിനൊടൊപ്പം കിട്ടിയതിന്റെ ഭൂരിഭാഗവും വരിനെല്ലാണെന്ന് കർഷകർ തിരിച്ചറിഞ്ഞത്.

നെല്ലിനോടൊപ്പം അന്തകനായി വളർന്നു വന്ന വരിനെല്ലിനെ നശിപ്പിക്കാൻ മരുന്നില്ലാത്തതും വിനയായി. നാലുമാസം കഴിഞ്ഞ് നെല്ല് വിളവെടുക്കാനായതോടെ വരിനെല്ല് ഒടിഞ്ഞ് നെൽച്ചെടികളുടെ മുകളിലേക്കു വീണതോടെ കതിരുകളെല്ലാം പൊഴിഞ്ഞുപോയി.

നെൽച്ചെടി വരിനെല്ലിനു അടിയിലായതോടെ നെല്ല് കൊയ്‌തെടുക്കാനും ബുദ്ധിമുട്ടായി. രണ്ടു മണിക്കൂർ കൊയ്തിട്ടും ലഭിച്ചത് കഷ്ടിച്ച് ഏഴ് ടൺ നെല്ലു മാത്രം. സാധാരണ അരമണിക്കൂർ കൊയ്താൽ ഇത്രയും നെല്ല് കിട്ടിയിരുന്ന സ്ഥാനത്താണ് ഈ ദുർവിധി. മണിക്കൂറിന് 2,000 രൂപ കൂലി കൊടുത്താണ് കൊയ്ത്ത് യന്ത്രം ഇറക്കിയത്.

പള്ളിമുക്കം പാടശേഖരം

150 ഏക്കർ

65 കർഷകർ


അടിയന്തര സഹായം എത്തിക്കണം

വരിനെല്ലു കയറി കൃഷിനഷ്ടമായ ള്ളിമുക്കം പാടശേഖരത്തിലെ കർഷകർക്ക് അടിയന്തരസഹായധനം എത്തിക്കണമെന്ന് പാടശേഖര സമിതി സർക്കാരിനോടാവശ്യപ്പെട്ടു. നാലുവർഷമായി പുഞ്ച സ്‌പെഷ്യൽ ഓഫീസിൽ നിന്നും പമ്പിംഗ് സബ്സിഡി കിട്ടുന്നില്ല. രണ്ടു വർഷം മുമ്പ് ഇവിടേക്ക് അനുവദിച്ച മോട്ടോർ, കൃഷി വകുപ്പിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സ്ഥാപിച്ചിട്ടില്ല. വെദ്യുതി കണക്ഷൻ ലഭിക്കുന്നതിനും നടപടിയായില്ല. പുഞ്ചയിലെ ബണ്ടിന്റെ ഉയരം അര മീറ്റർ കൂടി ഉയർത്തണമെന്നാവശ്യവും നടപ്പിലായിട്ടില്ല.

കൃഷി തുടങ്ങിയപ്പോൾ നിലം ഒരുക്കുന്നതിനും പൂട്ടുകൂലിയിനത്തിലും സർക്കാർ ഭാഗത്തുനിന്നും സഹായമൊന്നും കിട്ടിയിരുന്നില്ല. വരിനെല്ലിന്റെ പ്രശ്നം കൃഷിഭവനിൽ പറഞ്ഞപ്പോൾ ഇപ്രാവശ്യം നെല്ല് കൊയ്യാതിരിക്കുന്നതാണ് നഷ്ടം ഉണ്ടാകാതിരിക്കാൻ നല്ലതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്

-കർഷകർ