ആലപ്പുഴ: മഴ പെയ്താൽ മാത്രം ഉഷാറായിരുന്ന കുട വിപണി ഇത്തവണ മഴയെത്തും മുമ്പേ ഉണർന്നു. കടുത്ത വെയിലിൽ നിന്ന് രക്ഷ തേടി ജനം നെട്ടോട്ടമോടി തുടങ്ങിയതോടെയാണ് ഈ വ‌‌ർഷം മാർച്ച് അവസാനത്തോടെ തന്നെ കുടക്കച്ചവടം പൊടിപൊടിച്ചു തുടങ്ങിയത്.

കുട ചൂടാതെ പകൽ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം കൂടി വന്നതോടെ കാലൊടിഞ്ഞും, കമ്പി വളഞ്ഞും മൂലയ്ക്ക് ഒതുങ്ങിപ്പോയ പഴയ കുടകൾ പോലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കളത്തിലിറങ്ങി. പൊള്ളുന്ന ചൂടും ഉഷ്ണതരംഗവുമായതിനാൽ അൾട്രാ വയലറ്റ് സംരക്ഷണമുള്ള കുടകൾ ചോദിച്ച് എത്തുന്നവരാണ് അധികവും. ത്രീ ഫോൾഡ്, ഫൈവ് ഫോൾഡ് കുടകൾക്കാണ് ഡിമാൻഡ്. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി മരത്തണലുകളും, കാത്തിരിപ്പു കേന്ദ്രങ്ങളും ഇല്ലാതായതോടെ കുട ചൂടാതെ ബസ് സ്റ്റോപ്പുകളിൽ നിൽക്കാനാവാത്ത സ്ഥിതിയാണ്.

കുട്ടിക്കുടകൾക്കും ഡിമാൻഡ്

1.അദ്ധ്യയന വർഷത്തോടനുബന്ധിച്ച് വിപണി ഉണർന്നതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കുടയുടെ കച്ചവടവും ആരംഭിച്ചു. ഇഷ്ടവർണക്കുടകൾ തേടി കുട്ടികൾ എത്തിത്തുടങ്ങി

2.കുട നിർമ്മാണം കുടിൽ വ്യവസായമാക്കിയ കുടുംബങ്ങൾക്കും സമയം തെളിഞ്ഞു. 200രൂപ മുതൽ കുടകൾ ലഭ്യമാണ്. അൾട്രാ വയലറ്റ് കോട്ടിംഗ് ഉള്ളവയ്ക്ക് 300 രൂപയ്ക്ക് മുകളിലാണ് വില ആരംഭിക്കുന്നത്

3.കരുത്ത്, തുണിയുടെ സവിശേഷത എന്നിവ ഘടകങ്ങളാവുമ്പോൾ വില ഉയരും. കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖചിത്രം വരച്ച കുടകളോടാണ് കുട്ടികൾക്ക് ഏറെ താൽപര്യം

4.അപ് സൈഡ് ഡൗൺ, കാപ്‌സ്യൂൾ, ബോട്ടിൽ തുടങ്ങി വിവിധവർണ്ണ കാലക്കുടകൾ വരെയാണ് കോളേജ് വിദ്യാർത്ഥികളുടെ ഇഷ്ട ലിസ്റ്റ്. നനഞ്ഞ കുട സുരക്ഷിതമായി വയ്ക്കാൻ സാധിക്കുന്നവയാണ് കാപ്‌സ്യൂൾ, കുപ്പി മോഡലുകൾ

5.കുപ്പിക്കുള്ളിൽ വെച്ച നനഞ്ഞ കുട ധൈര്യമായി ബാഗിൽ വയ്ക്കാം. ഓൺലൈൻ സൈറ്റുകളിലെ കുട വ്യാപാരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

കുടയും വിലയും (രൂപയിൽ)

 കുട്ടികളുടെ കുടകൾ : 250 - 600

 അൾട്രാ വയലറ്റ് കുടകൾ : 300ന് മുകളിൽ

ഇത്തവണ കുട വാങ്ങാൻ ആരും മഴ കാത്തു നിന്നില്ല. ചൂടിൽ നിന്ന് എങ്ങനെയും രക്ഷ നേടാൻ യു.വി കോട്ടിംഗുള്ള കുടകൾ അന്വേഷിച്ചാണ് കൂടുതൽപ്പേരും എത്തിയത്. സ്ത്രീകളാണ് ഉപഭോക്താക്കളിൽ കൂടുതൽ -

-ഹാഷിം, വ്യാപാരി, മുല്ലയ്ക്കൽ