ആലപ്പുഴ : കൊടുംചൂടിൽ ആശ്വാസം തേടാൻ ആളുകൾ കൂടുതൽ ആശ്രയിച്ചിരുന്ന തണ്ണിമത്തന് വില കുതിച്ചുയർന്നു. വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കിലോയ്ക്ക് 10 മുതൽ 15 രൂപവരെയാണ് വർദ്ധിച്ചത്.

കഴിഞ്ഞയാഴ്ചയുടെ തുടക്കത്തിൽ കിലോഗ്രാമിന് 25 രൂപയായിരുന്നു വില. വാരാന്ത്യത്തിൽ ഇത് 30രൂപയിലെത്തി. 35 മുതൽ 40 രൂപവരെയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ സീസണിൽ 20മുതൽ 25 രൂപവരെയായിരുന്നു തണ്ണിമത്തന്റെ വില. കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് ഇപ്പോൾ വിപണിയിൽ ആവശഞ്ഞയക്കാർ കൂടുതൽ.

തണ്ണിമത്തന് പുറമേ പൈനാപ്പിളിനും വില ഉയർന്നു. പൈനാപ്പിളിന് കഴിഞ്ഞയാഴ്ചയെക്കാൾ കിലോയ്ക്ക് 15 രൂപയാണ് വർദ്ധിച്ചത്. പൈനാപ്പിൾ കൃഷിയുടെ കേന്ദ്രമായ പെരുമ്പാവൂർ വാഴക്കുളത്തുനിന്നാണ് ഏറ്രുവുമധികം പൈനാപ്പിളെത്തുന്നത്. 90 മുതൽ 100 രൂപവരെ വിലയ്ക്കായിരുന്നു ഇന്നലെ പൈനാപ്പിൾവില. സീസൺ അവസാനിക്കാറായതോടെ മാർക്കറ്റിലേക്ക് പൈനാപ്പിളിന്റെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായത്. മാതള വിപണിയിലും ഒരാഴ്ചയായി വിലക്കയറ്റമുണ്ട്. വലിപ്പമനുസരിച്ചത് 160 മുതൽ 180 രൂപവരെ കിലോഗ്രാമിന് വിലയുണ്ടായിരുന്ന മാതളത്തിന് 200 മുതൽ 220 രൂപവരെയാണ് ഇപ്പോഴത്തെ വില. ഒരുമാസം മുമ്പ് കിലോയ്ക്ക് 50 രൂപയായിരുന്ന ഷമാമിന് 60 രൂപയാണ് ഇന്നലത്തെ വില. നാടൻ മാങ്ങ വിപണി കൈയ്യടക്കിയതോടെ രണ്ടാഴ്ചമുമ്പ് വരെ വിപണിയിലെ സൂപ്പർതാരങ്ങളായിരുന്ന മാങ്ങയുടെ വില കുത്തനെ ഇടിഞ്ഞത് മാമ്പഴ പ്രേമികൾക്ക് ആശ്വാസമായിട്ടുണ്ട്. വിപണിയിൽ ഏറ്റവുമധികം ഡിമാന്റുള്ള പീയൂർ മാങ്ങയാണ് വിലയിൽ മുന്നിൽ. കിലോഗ്രാമിന് 140 രൂപയാണ് ഇന്നലത്തെ വില.

മാങ്ങയുടെയും മറ്റ് ഫലവർഗങ്ങളുടെയും വില

(കിലോഗ്രാമിന്)

മൂവാണ്ടൻ -70രൂപ

സിന്ദൂരം -100

നീലം -120

കിളിച്ചുണ്ടൻ -100

മുന്തിരി - 100

മുന്ത്രി പച്ചനിറത്തിലുള്ളത് - 120

മുന്തിരി , സീഡ‌്ലെസ് - 170-180

പച്ചആപ്പിൾ - 280

ഓറഞ്ച് - 150