പൂച്ചാക്കൽ : സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സുബിൻ തൈക്കാട്ടുശ്ശേരി കഥ, തിരക്കഥ, ഗാനങ്ങൾ, സംഗീതം, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് ബിഗ് സ്ക്രീനിലും സാന്നിദ്ധ്യമാകുന്നു. കഥയും തിരക്കഥയുമെഴുതുന്ന തിരക്കിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ സുബിൻ. വാളും ചിലമ്പും എന്ന സംഗീത ആൽബത്തിന് ഗാനരചനയും സംഗീതവും നിർവഹിച്ചുകൊണ്ടായിരുന്നു സുബിന്റെ തുടക്കം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത അദ്ദേഹം പതിനാലോളം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. ഇതിൽ എട്ട് ഗാനങ്ങളുടെ ചിത്രീകരണത്തിന് തിരക്കഥയുമൊരുക്കി. തുടർന്ന് നാട്ടിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് പുറത്തിറക്കിയ മാമലവാസൻ എന്ന അയ്യപ്പഭക്തി ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഉത്രംനെയ്യ് വിളക്ക്, നടീപ്പറമ്പിൽ അമ്മ അക്ഷരമുട്ടുകൾ, ശ്രീനാരായണീയം 2023,
ഓണവില്ല്, ഉത്രാടത്തുമ്പി, ശ്രീരുദ്രം തുടങ്ങി നിരവധി ആൽബങ്ങൾ സുബിന്റെതായിട്ടുണ്ട്.
കോമഡി താരങ്ങളായ പുന്നപ്ര പ്രശാന്ത്, അനുരാഗ് സോപാനം,വിനോദ് തൈക്കാട്ടുശ്ശേരി തുടങ്ങിയവരെല്ലാം ആൽബങ്ങളിൽ പങ്കാളികളായി. കണ്ണന്റെ രാധ എന്ന വീഡിയോ ആൽബമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സിനിമക്കായി തയ്യാറാക്കുന്ന തിരക്കഥ രാഷ്ട്രീയ വിഷയമാണെങ്കിലും, സുഹൃത്ത് വലയങ്ങളിലെ ഒത്തുചേരലിൽ ഒരിടത്തു പോലും രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്ന് സുബിൻ പറയുന്നു.
എസ്.എൻ.ഡി.പി യോഗം 573 -ാം നമ്പർ തൈക്കാട്ടുശേരി അയ്യപ്പിക്കുന്ന് ശാഖ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഭാര്യ അശ്വതിയും
മക്കളായ അനശ്വറും അദ്രിദേവും അടങ്ങിയതാണ് സുബിന്റെ കുടുംബം.