melpadam-chundan

മാന്നാർ : സ്വന്തമായി ഒരു ചുണ്ടൻവള്ളമെന്ന മേൽപാടത്തിന്റെ സ്വപ്നം നാളെ പൂവണിയും. വീയപുരം, പായിപ്പാട്, കാരിച്ചാൽ, ആനാരി, ചെറുതന, ആയാപറമ്പ് തുടങ്ങി മേൽപാടത്തിന്റെ സമീപ പ്രദേശങ്ങൾ ജലരാജാക്കന്മാർ അടക്കി വാഴുമ്പോൾ സ്വന്തമായി തങ്ങൾക്കും വള്ളം വേണമെന്ന അഭിലാഷത്തിൽ വീയപുരം പഞ്ചായത്തിന്റെ 3, 4, 5 വാർഡുകളും മാന്നാർ പഞ്ചായത്തിന്റെ 1,2 വാർഡുകളും ഉൾപ്പെടുന്ന മേൽപാടം പ്രദേശത്തെ ജനങ്ങളെ ഓഹരി ഉടമകളാക്കി 2023 മാർച്ച് 26 ന് വള്ളസമിതി രൂപീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന കൂറ്റൻ ആഞ്ഞിലിത്തടികൾ കാലടിയിലെ മില്ലിൽ അറുത്ത് പലകയാക്കി എത്തിച്ച് കഴിഞ്ഞ ജൂലായ് 14നായിരുന്നു ഉളികുത്തൽ നടന്നത്. ചുണ്ടൻ വള്ളങ്ങളുടെ രാജശില്പി കോയിൽ മുക്ക് നാരായണനാചാരിയുടെ മകൻ സാബു നാരായണനാചാരിയുടെ നേതൃത്വത്തിലാണ് ചുണ്ടൻവള്ള നിർമ്മാണം പൂർത്തീകരിച്ചത്.

കെ.കുട്ടപ്പൻ ദിവ്യാ പാർക്കിൽ(പ്രസിഡന്റ്), ഐപ്പ് ചക്കിട്ട, ജനാർദ്ദനൻ.പി ജ്യോതിസ്( വൈസ് പ്രസിഡന്റുമാർ), ഷിബു വർഗീസ് ചത്തേരിപറമ്പിൽ (സെക്രട്ടറി), സി.ഐ ജേക്കബ് ചിറമേൽ, സ്മിതു മുളമൂട്ട്തറയിൽ (ജോ.സെക്രട്ടറിമാർ), ഷിബു തോമസ് കറുകയിൽ(ട്രഷറർ), പി.ഓമന, ജിറ്റു കുര്യൻ, ജോസ് എബ്രഹാം, രഞ്ജിനി ചന്ദ്രൻ, സുനിത എബ്രഹാം, സുജാത മനോഹരൻ(രക്ഷാധികാരികൾ) എന്നിവരുൾപ്പെട്ട 35 അംഗ വള്ളസമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

മേല്പാടം ചുണ്ടൻ

128 അടി നീളം

 85 തുഴച്ചിൽക്കാർ

 5 അമരക്കാർ

7നിലക്കാർ.

നീരണിയൽ നാളെ ഉച്ചയ്ക്ക്

മേൽപ്പാടം പ്രദേശ നിവാസികളുടെ എക്കാലത്തെയും സ്വപ്നമായിരുന്ന മേൽപ്പാടം ചുണ്ടന്റെ നീരണിയൽ നാളെ ഉച്ചക്ക് 12.25നും 12.30നും മദ്ധ്യേ സാബു നാരായണൻ ആചാരിയുടെ കാർമികത്വത്തിൽ നടക്കുമെന്ന് മേൽപ്പാടം ചുണ്ടൻവള്ള സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ തോമസ് കെ.തോമസ്, രമേശ് ചെന്നിത്തല എന്നിവർ സംസാരിക്കും. നടൻ മധുപാൽ മുഖ്യാതിഥിയാകും. തുടർന്ന് ആയിരം പേർക്കുള്ള വള്ളസദ്യ നടക്കുമെന്ന് മേൽപ്പാടം ചുണ്ടൻവള്ള സമിതി ഭാരവാഹികളായ ജോസഫ് എബ്രഹാം, കെ.കുട്ടപ്പൻ, ഐപ്പ് ചക്കിട്ട, ജനാർദ്ദനൻ.പി, ഷിബുവർഗീസ്, ഷിബുതോമസ് എന്നിവർ അറിയിച്ചു.