ചെന്നിത്തല: പ്രതിസന്ധികളെ അതിജീവിച്ച് 88 കർഷകർ കൃഷിയിറക്കിയ 140 ഏക്കർ വരുന്ന ചെന്നിത്തല തെക്ക് 9-ാം ബ്ലോക്ക് വെട്ടത്തേരി പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. കൊയ്ത്തുത്സവം ഉദ്ഘാടനം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തംഗം ലീലാമ്മ ദാനിയേൽ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. ഹോമിയോ, സെക്രട്ടറി സന്തോഷ് തുള്ളപറമ്പിൽ, ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപിള്ള, കൃഷി അസിസ്റ്റന്റ് ബിജു ശർമ,അനിൽ വല്ലൂർ, ബാബു കുമ്പോമ്പുഴ, കുരുവിള മുള്ളുവേലി, ജേക്കബ് പാണ്ഡവത്ത് എന്നിവർ സംസാരിച്ചു വെട്ടത്തേരി പാടശേഖരത്തിൽ ഇക്കുറി 140 ദിവസം വിളവുള്ള ഉമ ഇനത്തിൽപെട്ട വിത്താണ് പരീക്ഷിച്ചത്. വേനലായിട്ടും പാടശേഖരത്തിൽ വെള്ളക്കൂടുതൽ കാരണം കൃഷിയിറക്കാൻ വൈകിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ കാറ്റും മഴയും മറ്റു പാടങ്ങളിൽ നാശം വിതച്ചെങ്കിലും ഇവിടെ നടീൽ ആയതിനാൽ നെൽച്ചെടികൾ കാര്യമായി നിലംപൊത്തിയില്ല. വിളവ് തീരെയില്ലാത്തതു കർഷകർക്ക് തിരിച്ചടിയായതായി പാടശേഖര സമിതി പ്രസിഡന്റ് പി.ജെ.ഹോമിയോ പറഞ്ഞു.