ഹരിപ്പാട് : പ്രശസ്ത സംവിധായകൻ സംഗീത് ശിവന്റെ വിയോഗം ഹരിപ്പാടിനും തീരാദുഃഖമായി. ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ഹരിപ്പാട് ചെറുതിട്ടയിൽ വീട്ടിൽ ശിവന്റേയും താമരശേരിൽ (കിഴക്കേപറമ്പിൽ ) വീട്ടിൽ ചന്ദ്രമണിയുടെയും മകനായ സംഗീത് തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ഹരിപ്പാട്ടെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഹരിപ്പാട് വാര്യമ്പള്ളിൽ കുടുംബത്തിലെ ജയശ്രീയെ വിവാഹം കഴിച്ചതോടെ ഹരിപ്പാടിന്റെ മരുമകനുമായി. ഈ നാടിനോട് സ്നേഹവും അടുപ്പവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
ഹരിപ്പാട്ട് എത്തിയാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം പതിവായിരുന്നു. തന്റെ പുതിയ ഹിന്ദി സിനിമ കപ് കപി (മലയാളം സിനിമ രോമാഞ്ചത്തിന്റെ റീമേക്ക് ) യുടെ പ്രവർത്തനങ്ങൾക്കിടെ ഒരു മാസം മുമ്പും ഹരിപ്പാട്ട് എത്തിയിരുന്നു. എപ്പോഴും ക്യാമറ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന്റെ സംസാരങ്ങൾ കൂടുതലും ഫോട്ടോഗ്രഫിയെ പറ്റി ആയിരുന്നു എന്ന് സുഹൃത്തായ ബി.ബാബുരാജ് പറയുന്നു.
പിതാവിന്റെ കുടുംബ വീടായ ചെറുതിട്ടയിൽ വീട്ടിൽ പിതൃസഹോദരി പത്മാവതി അമ്മയുടെ മകനും പ്രശസ്ത ക്യാമറമാനുമായ മനോജ് പിള്ളയാണ് ഇപ്പോൾ താമസിക്കുന്നത്. ദിലീപ് നായകനായ തങ്കമണി ഉൾപ്പടെയുള്ള സിനിമകളുടെ ക്യാമറമാനാണ് മനോജ് പിള്ള. മാതാവിന്റെ കുടുംബവീടായ താമരശേരി (കിഴക്കേപറമ്പിൽ ) പൊളിച്ചിരുന്നു. സംഗീത് ശിവനും അമിൻ സുറാനീയും ചേർന്നു നിർമ്മിച്ച്, കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ 2017 ൽ റിലീസായ ഗൗതമി നായികയായ “ഇ” എന്ന സിനിമയുടെ ചിത്രീകരണം ഹരിപ്പാട്ടും പരിസരങ്ങളിലുമാണ് നടന്നത്.