മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മാന്നാറിലും ചെന്നിത്തലയിലും സ്കൂളുകൾക്ക് നൂറുമേനി. മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂൾ, നായർസമാജം ഗേൾസ് ഹൈസ്‌കൂൾ, കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി, ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്‌കൂൾ, മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ എന്നിവയാണ് നൂറു ശതമാനം വിജയം നേടിയത്. മാന്നാർ നായർസമാജം ബോയ്സ് ഹൈസ്‌കൂളിൽ 164 കുട്ടികളും ഗേൾസ് ഹൈസ്‌കൂളിൽ 167 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇരു സ്‌കൂളിലുമായി 50 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കുരട്ടിക്കാട് ശ്രീഭൂവനേശ്വരി സ്‌കൂളിൽ പരീക്ഷയെഴുതിയ 38 കുട്ടികളിൽ 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്‌കൂളിൽ 61 കുട്ടികളും ഗേൾസ് ഹൈസ്‌കൂളിൽ 93 കുട്ടികളും പരീക്ഷയെഴുതിയപ്പോൾ ഇരു സ്‌കൂളിലുമായി 41 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
ഫുൾ എ പ്ലസ് നേടി ഇരട്ടകൾ
മാന്നാർ: മാന്നാർ നായർസമാജം സ്‌കൂളുകൾ നേടിയ 100 ശതമാനം വിജയത്തിളക്കത്തിന് ഏറെ മാറ്റ് കൂട്ടുന്നതായി ഇരട്ടകൾ നേടിയ ഫുൾ എ പ്ലസ്. നിരണം പാർവണത്തിൽ പ്രസാദിന്റെയും ശ്രീജയുടെയും ഇരട്ട മക്കളായ പ്രവീണ പ്രസാദും പാർവതി പ്രസാദുമാണ് ഇരട്ട നേട്ടം കൊയ്‌ത് സ്‌കൂളിന്റെ അഭിമാനമായത്. പത്താം ക്‌ളാസ് ഡി ഡിവിഷനിൽ ഒരുമിച്ച് പഠിച്ച് വിജയിച്ച ഇരുവർക്കും പ്ലസ്‌ടുവിനും ഒരേക്ലാസിൽ തന്നെ ഒരുമിച്ച് പഠിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന. കോമേഴ്‌സ് എടുക്കുവാനാണ് താല്പര്യം.