മണ്ണ് പരിശോധനയ്ക്ക് തുടക്കം
ആലപ്പുഴ : ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി പുതിയ കടൽപ്പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരണം ആരംഭിച്ചു. 2025ൽ പുതിയപാലം യാഥാർത്ഥ്യമാകുമെന്നാണ് നിർമ്മാണച്ചുമതലുള്ള ഇൻകെലിന്റെ കണക്കുകൂട്ടൽ.
നിലവിലെ പാലത്തിന് 60 മീറ്റർ വടക്ക് വശത്തായാണ് പുതിയ പാലം. നിർദ്ദിഷ്ട പ്രദേശത്തെ മണ്ണിന്റെസാമ്പിൾ ശേഖരിക്കുന്നത് ഉടൻ പൂർത്തിയാകും. തുടർന്ന് സാമ്പിളിന്റെ ലാബ് ടെസ്റ്റ് പൂത്തിയാകാൻ രണ്ട് മാസമെടുക്കും. സാമ്പിൾ പരിശോധനാഫലം ലഭിച്ച ശേഷം പാലത്തിന്റെ രൂപരേഖ തയാറാക്കി ചെന്നൈ ഐ.ഐ.ടിയിൽ പുനഃപരിശോധനയ്ക്ക് സമർപ്പിക്കും. രൂപരേഖ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് പണം അനുവദിക്കുന്ന കിഫ്ബിയിൽ സമർപ്പിച്ച് നിർമ്മാണ അനുമതി തേടും. മൺസൂണിന് ശേഷം നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വ്യൂ പോയിന്റ് ഉൾപ്പടെയാവും പാലത്തിന്റെ രൂപരേഖ.
പാസഞ്ചർ ബോട്ടുകൾക്ക് അടുക്കാം
ഭാവിയിൽ പുതിയ കടൽപ്പാലത്തിൽ ചെറിയ കപ്പലുകൾക്കും ബോട്ടുകൾക്കും അടുക്കാനാകും
പരമാവധി അമ്പത് പേരുള്ള പാസഞ്ചർ ബോട്ടിന് അടുക്കാനാവുന്ന സജ്ജീകരണങ്ങൾ ഒരുക്കും
പ്രതാപ കാലത്തിന്റെ സ്മരണകൾ നിലനിർത്തിക്കൊണ്ടാവും ചെറു യാത്രാ കപ്പലുകളോ ബോട്ടുകളോ എത്തുക
പുതിയ പാലം
നീളം : 400 മീറ്റർ
വീതി : 45 മീറ്റർ
എസ്റ്റിമേറ്റ് തുക : 19 കോടി രൂപ
ആദ്യ ഘട്ടത്തിൽ പാലം മാത്രമാണ് പൂർത്തിയാക്കുന്നതെങ്കിലും ഭാവിയിൽ ചെറിയ കപ്പലുകൾക്കും ബോട്ടുകൾക്കും അടുക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങും
-ഇൻകെൽ അധികൃതർ