ഹരിപ്പാട് : ഹരിപ്പാട് നഗരത്തിൽ പ്രധാന ഇടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാതായിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ദേശീയപാതയിൽ ഏറെ തിരക്കുള്ള പ്രദേശത്തെ ലൈറ്റുകളാണ് മിഴി അടച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രവേശന കവാടം ഉൾപ്പടെ ഇരുട്ടിലാണ്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും ബുദ്ധിമുട്ടിയാണ് ഇവിടം കടക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ മിക്ക ഭാഗങ്ങളിലും കുഴി എടുത്തിരിക്കുകയാണ്. കാന നിർമ്മാണവുമായി ബന്ധപ്പെട്ട് എടുത്ത മണ്ണും ചെളിയും ഇരുട്ടിൽ കാണാൻ കഴിയാതെ കാൽനടയാത്രക്കാർ ഉൾപ്പടെ ബുദ്ധിമുട്ടുന്നു. കാന നിർമ്മാണത്തിന്റെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാഗത്ത് റോഡിനു കുറുകെ എടുത്ത കുഴി ശരിക്ക് മൂടാത്തതിനാൽ പകൽ സമയത്തു പോലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുട്ട് വീഴുന്നതോടെ സ്ഥിതി ഗുരുതരമാകും.
മഴക്കാലത്ത് സ്ഥിതി വഷളാകും
1.താലൂക്ക് ആശുപത്രിക്ക് സമീപം കാന നിർമ്മാണത്തിനായി എടുത്ത കുഴി മഴക്കാലം ആരംഭിച്ചാൽ ചെളികുണ്ടായി മാറി അപകടങ്ങൾ വർദ്ധിക്കും
2.ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണത്തിനായി ബാരിക്കേഡുകൾ വെച്ചിരിക്കുന്നതും ഈ ഭാഗത്താണ്
3.രാത്രിയിൽ വെളിച്ചം ഇല്ലാത്തതിനാൽ ഈ ഭാഗങ്ങളിൽ അപകട സാധ്യത കൂടുതലാണ്. സമീപത്തുള്ള കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് രാത്രിയിൽഏക ആശ്രയം
ഇരുട്ടിന്റെ മറവിൽ മദ്യപാനികളും അഴിഞ്ഞാടുന്നുണ്ട്. എത്രയും വേഗം തകരാർ പരിഹരിച്ചു ഹൈമാസ്റ്റ് ലൈറ്റ് തെളിക്കണം
- നാട്ടുകാർ