മുഹമ്മ : വീടുപണി പൂർത്തീകരിക്കാൻ അച്ഛൻ പെടാപ്പാട് പെടുന്നതു കണ്ടപ്പോൾ ഒരു കൈ സഹായവുമായി നാലാംക്ളാസുകാരിയും. മണ്ണഞ്ചേരി പൊന്നാട് വിജയ വിലാസം ക്ഷേത്രത്തിനു സമീപം വാത്തിശ്ശേരി വി.ജി.ഗവേഷിന്റെ മകൾ ഗൗരി ഗവേഷാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിൽ അച്ഛനെ സഹായിക്കുന്നത്.
ഗവേഷിന്റെയും കുടുംബത്തിന്റെയും വീടുപണി പാതിയിൽ മുടങ്ങിക്കിടക്കുകയാണ്. വാടകവീട്ടിലാണ് ഇപ്പോൾ താമസം. ഇലക്ട്രിക് ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന ഗവേഷിന് വലിയൊരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതോടെ ആ ജോലികൾ ചെയ്യാനായില്ല. തുടർന്ന് പവർ ഡിവൈസ് എന്ന ചെറുകിട വ്യവയായ യൂണിറ്റ് തുടങ്ങി. എൽ.ഇ.ഡി ബൾബ്, ട്യൂബ്,ഹൈ പവർ ലാംപ് എന്നിവ നിർമ്മിച്ച് വിൽക്കുകയാണിപ്പോൾ. ഇവയുടെ പാർട്സുകൾ വരുത്തിച്ച് കൂട്ടിച്ചേർക്കുകയാണ് യൂണിറ്റിൽ ചെയ്യുന്നത്.
ബൾബുകൾ ഉണ്ടാക്കി വിറ്റാലേ വീടു പണി പൂർത്തിയാക്കാൻ കഴിയൂവെന്ന് ഗവേഷ് പറഞ്ഞതോടെയാണ് തനിക്കും ബൾബ് നിർമ്മാണം പഠിക്കണമെന്ന് ഗൗരി പറഞ്ഞത്. നിർമ്മാണ രീതികൾ ഗവേഷ് പഠിപ്പിച്ചതോടെ വെക്കേഷൻ കാലത്ത് ഗൗരിയും സഹായിച്ചു തുടങ്ങി. ആദ്യദിവസം പത്ത് ബൾബുകൾ നിർമ്മിച്ച ഗൗരി ഇപ്പോൾ ദിവസം മുപ്പതിലധികം ബൾബുകൾ നിർമ്മിക്കുന്നുണ്ട്.
സ്കൂൾ അവധിയായതോടെ കളിക്കാൻ കൂട്ടുകാരികൾ എത്തുമെങ്കിലും വീടെന്ന സ്വപ്നം മനസിൽ വെച്ച് ബൾബ് നിർമ്മാണത്തിലാണ് ഗൗരിയുടെ ശ്രദ്ധ. ജോലിയുടെ ഇടവേളകളിൽ സ്കൂളിലെ ടീച്ചർമാർ പഠിപ്പിച്ച ഡാൻസുകൾ കളിക്കും. അദ്ധ്യാപികയാകാനാണ് ആഗ്രഹം. ആതിരയാണ് ഗൗരിയുടെ അമ്മ. സഹോദരി : ശരണ്യ.