ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിക്കുള്ളിലും വളപ്പി​ലും സുരക്ഷ വെല്ലുവിളിയാകുന്നു. അക്രമാസക്തരാകുന്ന രോഗികളിൽ നിന്ന് ജീവനക്കാരെയും സാധാരണക്കാരെയും രക്ഷിക്കാൻ പലപ്പോഴും സുരക്ഷാ ജീവനക്കാർ പെടാപ്പാട് പെടുകയാണ്. ഇന്നലെ അക്രമാസക്തനായ ഒരു വ്യക്തി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അക്രമിക്കാൻ ശ്രമിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ആദ്യം അനുനയിപ്പിച്ച് പറഞ്ഞുവിട്ടെങ്കിലും, തിരിച്ചെത്തിയ ഇയാൾ കല്ലുപയോഗിച്ച് ജീവനക്കാരെയും അക്രമിക്കാൻ ശ്രമിക്കുകയായി​രുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. ഇത്തരം രോഗികളോ അക്രമികളോ എത്തിയാൽ ഇവരെ കീഴടക്കാൻ തക്ക അംഗബലത്തിൽ സുരക്ഷാ ജീവനക്കാരില്ല. മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുന്ന പ്രതികളെപ്പോലും അടക്കി നിർത്താൻ പലപ്പോഴും പൊലീസും സെക്യൂരിറ്റി ജീവനക്കാരും കഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. മെഡിക്കൽ പരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയവേയാണ് ഏറെക്കുറെ സമാന സാഹചര്യത്തിന് ഇന്നലെ ആലപ്പുഴ ജനറൽ ആശുപത്രി സാക്ഷ്യം വഹിച്ചത്.

സുരക്ഷ ശക്തമാക്കണം

കാഷ്വാലിറ്റിയിലും, ഒ.പിയിലുമായി പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ജനറൽ ആശുപത്രിികമ അപ്രതീക്ഷിത അക്രമ സംഭവങ്ങളുണ്ടായാൽ കുറ്റവാളികളെ കീഴടക്കാൻ തക്ക തരത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടതുണ്ട്. ഡ്യൂട്ടി പൊലീസുകാരുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.