ph

കായംകുളം : മൂന്ന് മാസത്തെ ശമ്പളം കുടിശികയായതോടെ ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് കായംകുളം ഗവ.ആശുപത്രിയിൽ ഈവനിംഗ് ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചു. രണ്ട് ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചാണ് ഈവനിംഗ് ഒ.പി ആരംഭിച്ചത്.

ജനപ്രതിനിധികളുടെ അലംഭാവം കാരണം പരാധീനതകൾക്ക് നടുവിലാണ് കഴിഞ്ഞ കുറേ നാളുകളായി ആശുപത്രിയുടെ പ്രവർത്തനം. മതിയായ എണ്ണം ഫാനുകൾ ഇല്ലാത്തതിനാൽ, തിരക്ക് കൂടിയാൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർ ചൂഴിൽ വലയുകയാണ്. ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഏറെനേരം കാത്തു നിന്നാലും പലപ്പോഴും ഡോക്ടറെ കാണാൻ കഴിയാതെ വരും.

രാവിലെ മിക്ക ഒ.പിയിലും ഡോക്ടർമാർ കാണാറില്ല. ഒ.പി ടിക്കറ്റിന് പണം അടച്ച് ടിക്കറ്റ് എടുത്തവർ ഡോക്ടറെ കാണാൻ കഴിയാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടത് കഴിഞ്ഞദിവസം നേരിയ സംഘർഷത്തിന് ഇടയാക്കി.

കുടിവെള്ളത്തിനും മാർഗമില്ല

1.ആശുപത്രിയിലെ വാട്ടർ ഡിസ്‌പെൻസർ തകരാറിലായത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയിൽ എത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വാട്ടർ ഡിസ്‌പെൻസർ സ്ഥാപിച്ചത്

2.ഒരേ സമയം തന്നെ ഡിസ്പെൻസറിൽ നിന്ന് തണുത്തവെള്ളവും ചൂടുവെള്ളവും ലഭിക്കുമായിരുന്നു. നാല് ലക്ഷം രൂപചിലവഴിച്ചാണ് ആശുപത്രിയിലെ ഒ.പി., ഫാർമസി എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഇത്സ്ഥാപിച്ചത്.

3.വാട്ടർ ഡിസ്‌പെൻസർ തകരാറിലായിട്ട് മാസങ്ങളായി. തകരാർ പരിഹരിക്കാൻ കമ്പനി അധികൃതരെ ബന്ധപ്പെടാൻ ആരും തയ്യാറിയിട്ടില്ല. ആശുപത്രിയിലെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് വാട്ടർ ഡിസ്‌പെൻസറിലൂടെ ലഭിക്കുന്നത്.

താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി യുടെ പ്രവർത്തനം വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം. ഈവനിംഗ് ഒ.പി യുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം

-സി.എസ് ബാഷ, യു.ഡി.എഫ് മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ