ചേർത്തല: റാബീസ് വാക്സിനെടുത്തതിനെ തുടർന്ന് തളർന്ന് വീട്ടിൽ കഴിഞ്ഞ് സഹായിയുടെ സഹായത്തിൽ പരീക്ഷയെഴുതി എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടി കാർത്തിക്കിന്റെ മിന്നും വിജയം. ഒരു ദിവസം പോലും സ്കൂളിൽ പോകാതെ മൊബൈൽ ഫോൺ വഴിയും അദ്ധ്യാപകർ വീട്ടിലെത്തിയുമായിരുന്നു കാർത്തികിന്റെ പഠനം.ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും ചേർത്തല മുനിസിപ്പൽ 20ാം വാർഡിൽ നികർത്തിൽ പ്രദീപ്കുമാറിന്റേയും അനിതയുടേയും മകനുമാണ് കാർത്തിക്. 2023 ജനുവരി 19 നാണ് പൂച്ച മാന്തിയതിനെ തുടർന്നാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ കുത്തിവെയ്പ്പ് എടുത്തതിനെ തുടർന്ന് പൂർണമായി തളർന്ന അവസ്ഥയിലായിരുന്നു. അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാൻ പി.ഡി.ലക്കി കാർത്തിക്കിന്റെ വീട്ടിലെത്തി സാമ്പത്തിക സഹായം ചെയ്യുകയും മൊബൈൽ ഫോണും ടി.വിയും വാങ്ങി നൽകുകയും ചെയ്തിരുന്നു. ഡി.എം.ഒ ഡോ.ജമുനയുടെ ഇടപെടലിലാണ് സഹായിയെ പരീക്ഷയെഴുതാൻ കിട്ടിയതെന്ന് രക്ഷകർത്താക്കൾ പറഞ്ഞു.