a

മാവേലിക്കര:സാമൂഹ്യവിരുദ്ധരുടെ താവളമായി മാവേലിക്കര റെയിൽവേ സ്റ്റേഷൻ. മയക്കുമരുന്ന് മാഫിയകൾ ഇവിടെ വിലസുമ്പോൾ ഭയപ്പാടോടെ മാത്രമേ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്താൻ കഴിയു എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് ഇരുട്ട് വീണാൽ.അടച്ചുറപ്പുള്ള സ്റ്റേഷൻ അല്ല, മാവേലിക്കര. നാല് വശവും തുറന്നു കിടക്കുന്നു. പ്ലാറ്റ് ഫോമിന് നീളം കുറവായതിനാൽ തുറന്ന് കിടക്കുന്ന ബാഗത്തുകൂടി യഥേഷ്ടം സ്റ്റേഷനിലേക്കും പുറത്തേക്കും കയറിയിറങ്ങാം. സ്റ്റേഷനിൽ നിന്ന് കല്ലുമല ജംഗ്ഷനിലേക്കുള്ള റോഡ് പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. എല്ലായിടവും പുല്ല് വളർന്ന് നിൽക്കുന്നതിനാൽ ദുരൂഹമായ അവസ്ഥയും. റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് കിഴക്ക് വശത്തെ റോഡിലേക്ക് ഇറങ്ങാം എന്നതും സാമൂഹ്യ വിരുദ്ധർക്ക് അവരുടെ പ്രവർത്തികൾ ചെയ്ത് രക്ഷപെടാൻ എളുപ്പമാകുന്നു.യാത്രക്കാർക്ക് മദ്യം എത്തിച്ച് നൽകുന്ന സംഘങ്ങൾ ഇവിടെ ഉണ്ട്. ഒരാഴ്ച മുമ്പ് മദ്യക്കച്ചവടം നടത്തുന്ന സംഘംങ്ങൾ ഇവിടെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇവർ സ്കൂട്ടർ യാത്രക്കാരനേയും ആക്രമിച്ചു. മുന്നോട്ട് എടുത്ത ട്രെയിനിന്റെ വാതിലിൽ നിന്ന യുവാവിന്റെ കൈയ്യിൽ നിന്ന് ഫോൺ തട്ടിപറിച്ച് കടന്ന സംഭവവും അടുത്തകാലത്ത് ഉണ്ടായി. കള്ളൻ രക്ഷപെട്ടതാവട്ടെ തുറന്ന് കിടക്കുന്ന കിഴക്കുവശത്തെ റോഡിലേക്ക് ഇറങ്ങി ഓടിയാണ്.ട്രെയിൻ കാത്ത് നിന്ന കുടുംബത്തെ രണ്ടംഗ സംഘം ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമവും നടന്നു.

......

 എഫ്.സി.ഐ ഗോഡൗൺ റോഡ് മാഫിയാ സംഘത്തിന്റെ വിഹാര കേന്ദ്രം

റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തുള്ള എഫ്.സി.ഐ ഗോഡൗൺ റോഡാണ് മയക്കുമരുന്ന് മാഫിയയുടെ വിഹാരകേന്ദ്രം. പകൽ സമയത്ത് പോലും അധികം സഞ്ചാരമില്ലാത്ത ഈ റോഡിൽ വെളിച്ചം മങ്ങി തുടങ്ങിയാൽ സാധാരക്കാർ പോകാറില്ല. പിന്നെ ഈ വഴി മദ്യം, മയക്കുമരുന്ന് വിൽപ്പനക്കാരുടെ കൈയ്യിലാണ്. കൂറ്റൻ വൃക്ഷങ്ങൾ മൂടി നിൽക്കുന്നതിൽ രാത്രികാലങ്ങലിൽ ഭയാനകമായ അന്തരീക്ഷമാണ് ഇവിടെ. പൊട്ടിപോളിഞ്ഞ റോഡിൽ കൂടി പരിശോധന നടത്താൻ പൊലീസ് എത്താത്തതും എത്തിയാൽ റോഡിന്റെ തെക്ക് കിഴക്ക് ഭാഗത്തുകൂടിയുള്ള ഇടറോഡികളിലൂടെ രക്ഷപെടാനുള്ള സാഹചര്യവും ഇവിടെ ഉണ്ട്.