ആലപ്പുഴ: തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം മാറ്റി വെച്ചിരുന്ന സ്റ്റേജ് ഗ്യാരേജ് ബസുകളുടെ സുരക്ഷാ പരിശോധന മോട്ടോർ വാഹന വകുപ്പ് പുനരാരംഭിച്ചു. പരിശോധനയിൽ അയവ് വന്നതോടെ നഗരത്തിലടക്കം ബസുകൾ വീണ്ടും വാതിൽ തുറന്നിട്ടുള്ള സർവീസ് തുടരുകയാണ്. കഴിഞ്ഞയാഴ്ച്ച അടൂരിൽ വാതിൽ തുറന്നിട്ട് സർവീസ് നടത്തിയ ബസിൽ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് പരിക്ക് പറ്റിയതോടെയാണ് പരിശോധന വീണ്ടും കടുപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടെ ഉള്ള പരിശോധനക്കൊണ്ട് പ്രയോജനമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. മഫ്തിയിലും യൂണിഫോമിലും എത്തുന്ന ഉദ്യോഗസ്ഥർ കുറ്റക്കാരെ ഉപദേശിച്ച് മടങ്ങാതെ കൃത്യമായി കേസെടുത്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മത്സരയോട്ടത്തിന് കുറവില്ലാത്ത മേഖലയിൽ വാതിൽ തുറന്നിട്ടുള്ള സർവീസ് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. ആദ്യം സ്റ്റോപ്പിലെത്തിച്ചേരാനുള്ള തത്രപ്പാടിൽ യാത്രക്കാർ വാഹനത്തിനുള്ളിൽ പൂർണമായി പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ബസ് പായുന്നത് പതിവാണ്. പ്രായാധിക്യമുള്ളവരാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറെ ബുദ്ധിമുട്ടുന്നത്.
.........
ഒറ്റ ദിവസം 35 കേസ്
കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒറ്റയടിക്ക് 35 സ്റ്റേജ് ഗ്യാരേജ് ബസുകളുടെ പേരിൽ കേസെടുത്തു. അറുപതോളം ബസുകൾ പരിശോധിച്ചതിൽ നിന്നാണ് വാതിൽ തുറന്ന് ഓടിയ 35 എണ്ണത്തെ പിടികൂടിയത്. ഇത്തരത്തിൽ അപകടകരമായ സർവീസ് നടത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വീഡിയോ സഹിതം അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
.........
''വിദ്യാർത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തി മാത്രമേ ബസ് സർവീസ് അനുവദിക്കൂ. പരിശോധന കർശനമാക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
എ.കെ.ദിലു, ആർ.ടി.ഒ, ആലപ്പുഴ