വള്ളികുന്നം: ആലപ്പുഴ വള്ളികുന്നത്ത് പട്ടാപ്പകലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വള്ളികുന്നം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചേന്ദങ്കര ക്ഷേത്രത്തിന് കിഴക്കുവശം കളത്തിവടക്കതിൽ അശോകൻ (58), അയൽവാസികളായ കളത്തിൽ പുത്തൻപുരയിൽ കരുണാകരൻ (85), കളത്തിൽ ഉദയൻ (59), തൊഴിലുറപ്പ് തൊഴിലാളികളായ കൊണ്ടോടിമുകളിൽ മധുഭവനിൽ സുനിത (43), വാസുദേവൻ (55)എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണത്തിന്റെ തുടക്കം. ചേന്ദങ്കരഭാഗത്ത് കനാലിലൂടെ ഒഴുകിവന്ന കാട്ടുപന്നിയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ചത്.
പാഞ്ഞെത്തിയ കാട്ടുപന്നി ആദ്യം സുനിതയെ തളളിയിട്ടു. പിന്നാലെ വാസുദേവന് നേരെചീറിയടുത്തു. രക്ഷപ്പെടാൻ ശ്രമിക്കവെ വാസുദേവനും വീഴ്ചയിലാണ് പരിക്കേറ്റത്. തൊഴിലുറപ്പ് സ്ത്രീകൾ ബഹളംവച്ചപ്പോൾ ഭയന്നോടിയ പന്നി പുഞ്ചയും കരത്തോടുകളുമുള്ള ഭാഗത്ത് വെറ്റിലകൃഷിയ്ക്കായി കാട് വെട്ടിത്തെളിക്കുകയായിരുന്ന അശോകനെയും ആക്രമിച്ചു. പറമ്പിൽ കിളച്ചുകൊണ്ടുനിന്ന കരുണാകരൻ
അശോകന്റെ നിലവിളികേട്ട് എത്തിയപ്പോഴാണ് പന്നിയുടെ ആക്രമണത്തിന് ഇരയായത്. ഇരുവർക്കും കൈകാലുകൾക്കും മുഖത്തും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ വള്ളികുന്നം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു കാൽമണിക്കൂറിന് ശേഷമാണ് കാച്ചിലിനും ചേനയ്ക്കും വളംഇടാനെത്തിയ ഉദയന് കാട്ടുപന്നി ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റത്. നാട്ടുകാരാണ് ഉദയനെയും ആശുപത്രിയിലെത്തിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി വിദഗ്ദ്ധനും മണിക്കൂറുകളോളം പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല.