മാന്നാർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രമുഖ മുന്നണികൾ വ്യാപാരികളെ മറന്നതായും പ്രകടന പത്രികളിൽ വ്യാപാരികളെ പരാമർശിക്കാതെ പോയതായും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാന്നാർ യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ മാന്നാറിലെ പുതിയ വ്യാപാര ഭവനിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉന്നതമാർക്ക് വാങ്ങി വിജയിച്ച വ്യാപാരികളുടെ മക്കൾക്ക് അവാർഡ് ദാനവും മുതിർന്ന വ്യാപാരികളെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ആർ.വെങ്കിടാചലത്തെയും ആദരിക്കലും രാജു അപ്സര നിർവഹിച്ചു. ജില്ലാ സെക്രട്ടറി സബിൽ രാജ്, ട്രഷറർ ജേക്കബ് ജോൺ, മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ രക്ഷാധികാരികളായ മാന്നാർ അബ്ദുൽ ലത്തീഫ്, ആർ.വെങ്കിടാചലം എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ജമാൽ.എം നന്ദി പറഞ്ഞു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ അനിൽ എസ്. അമ്പിളി (പ്രസിഡന്റ്), റഷീദ് പടിപ്പുരയ്ക്കൽ(സെക്രട്ടറി), ജമാൽ.എം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.