ആലപ്പുഴ: ചെറിയ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അവധിയെടുത്ത് ജന്മനാടായ ആലപ്പുഴയിലെത്തിയതിന് മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതായി കാസർകോട് കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസി.പ്രൊജക്ട് ഓഫീസറായിരുന്ന, ഡോ.എ.ആർ.അബ്ദുൾ വാഹിദ് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. കാസർകോട് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി. പെരുന്നാളിന് ശേഷം തിരികെയെത്തിയ തനിക്ക്മെമ്മോ നൽകിയെന്ന് ഡോ.അബ്ദുൾ വാഹിദ് പരാതിയിൽ ഉന്നയിച്ചു. അമ്പത് ശതമാനം ഭിന്നശേഷിക്കാരനായ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കാണിച്ച് ഭിന്നശേഷി വകുപ്പ് കമ്മീഷണർക്കും പരാതി സമർപ്പിച്ചതായി അബ്ദുൾ വാഹിദ് പറഞ്ഞു. ഡോ.എ.ആർ.അബ്ദുൾ വാഹിദ് ഏപ്രിൽ 30ന് ഔദ്യോഗിക സർവീസിൽ നിന്ന് വിരമിച്ചു.