മുഹമ്മ: എക്സൈസ് മുൻ പ്രിവന്റീവ് ഓഫീസറും പൊതുപ്രവർത്തകനുമായ സി.പി.രവീന്ദ്രൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ലതാരവീന്ദ്രൻ. മക്കൾ: മീനുരവി (നഴ്സ്, അയർലന്റ് ), മിഥുൻ രവി (ദുബായ്). മരുമകൻ: വിശാൽ (അയർലന്റ് ).
മികച്ച കർഷകനുമായിരുന്നു സി.പി.രവീന്ദ്രൻ, 23 വർഷം കാവുങ്കൽ ദേവസ്വം പ്രസിഡന്റായിരുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ, മണ്ണഞ്ചേരി പെരുന്തുരുത്ത് സഹകരണ സംഘം ഭരണ സമിതി അംഗം, അമ്പലപ്പുഴ യൂണിയൻ പെൻഷണേഴ്സ് ഫോറം പ്രസിഡന്റ്, 582, 3745 എസ്.എൻ.ഡി.പി ശാഖകളുടെ പ്രസിഡന്റ്, കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്, കാവുങ്കൽ ഗ്രാമീണ പ്രസിഡന്റ്, രക്ഷാധികാരി, കാവുങ്കൽ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കാവുങ്കൽ കനിവ് നേച്ചർ ക്ലബ്ബ് പ്രസിഡന്റ്, പെരുന്തുരുത്ത് പൊന്നാട് കര കർഷക സംഘം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു
വരികയായിരുന്നു.