ചെന്നിത്തല: ഹയർ സെക്കൻഡറി പരീക്ഷയിൽ രണ്ടു മാർക്കിന്റെ കുറവിൽ അപർണ്ണക്ക് ഫുൾമാർക്കിന്റെ നേട്ടം കൈവിട്ടു. ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി അപർണ്ണയ്ക്കാണ് 1200 മാർക്കെന്ന സുവർണ നേട്ടം നഷ്ടമായത്. ചെന്നിത്തല ചിറ്റക്കാട്ട് അനിൽകുമാറിന്റെയും തകഴി ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക എസ്.അംബികാമ്മയുടെയും മകളായ അപർണ്ണക്ക് ഇംഗ്ളീഷിനും ഫിസിക്സിനനും ഓരോ മാർക്ക വീതം കുറഞ്ഞതാണ് മുഴുവൻ മാർക്കെന്ന നേട്ടം കൈവരിക്കാൻ കഴിയാതെ പോയത്. പ്ലസ് വണിലെ ഫിസിക്സ് പരീക്ഷയിൽ വന്ന രണ്ട് മാർക്കിന്റെ കുറവ് പുനർമൂല്യനിർണ്ണയത്തിൽ ഒരു മാർക്കായി മാറിയിരുന്നു. ഇംഗ്ലീഷ് പേപ്പർ മാത്രമേ ഇനി പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാൻ കഴിയൂവെന്ന് അപർണ്ണ പറഞ്ഞു. അകെ 94 കുട്ടികൾ പരീക്ഷയെഴുതിയ ചെന്നിത്തല മഹാത്മാ ഹയർസെക്കൻഡറി സ്‌കൂളിൽ 9 കുട്ടികൾ ഫുൾ എ പ്ലസ് നേടി 86 ശതമാനം വിജയം നേടി.