ആലപ്പുഴ : ജില്ലയിൽ ഇത്തവണയും പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് കാര്യമായ ആശങ്കയ്ക്ക് വകയില്ല. എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളെക്കാൾ കൂടുതൽ എണ്ണം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണ്. സേ പരീക്ഷ പൂർത്തിയാകുന്നതോടെയും, സി.ബി.എസ്.ഇ ഫലം വരുന്നതോടെയും അപേക്ഷകരുടെ എണ്ണം കൂടും.

നല്ലൊരു ശതമാനം പേർ ഐ.ടി.ഐ, പോളിടെക്നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയവയിലേക്ക് തിരിയും. അമ്പലപ്പുഴ താലൂക്കിൽ സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് കൂടി അനുവദിച്ചിട്ടുണ്ട്. സീറ്റുകൾക്ക് ആനുപാതികമായി വിദ്യാർത്ഥികൾ എത്താൻ സാദ്ധ്യതയില്ല. മുമ്പ് സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ ജില്ലയിൽ 18 സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾ എന്ന നിലയിലാവും അഡ്മിഷൻ.

ജില്ലയിൽ

എസ്.എസ്.എൽ.സി ജയിച്ചവർ : 21549

പ്ലസ് വൺ സീറ്റുകൾ : 22639

................

ഹയർ സെക്കൻഡറി സ്‌കൂളുകൾ: 124

സർക്കാർ : 45

എയ്ഡഡ് : 64

അൺ എയ്ഡഡ് : 13

റെസിഡൻഷ്യൽ : 1

ടെക്‌നിക്കൽ : 1

.................

ബാച്ചുകളുടെ എണ്ണം

സയൻസ് - 258

ഹ്യുമാനിറ്റീസ് - 66

കൊമേഴ്സ് - 130

ആകെ ബാച്ചുകൾ - 454

ലഭ്യമായ സീറ്റുകൾ

സയൻസ് - 12839

ഹ്യുമാനിറ്റിസ് - 3300

കൊമേഴ്സ് - 6500

............

എല്ലാവർക്കും സയൻസ് വേണം!

എല്ലാ വർഷവും സയൻസ് സീറ്റിനാണ് ഡിമാൻഡ്. ഏകജാലകം വഴിയാണ് പ്രവേശനമെങ്കിലും, മാനേജ്‌മെന്റിന് പണം നൽകിയും സീറ്റുകൾ ഉറപ്പിക്കാനുള്ള രക്ഷിതാക്കളുടെ തത്രപ്പാട് ആരംഭിച്ചിട്ടുണ്ട്.


എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനാവശ്യമായ സീറ്റുകൾ ഹയർ സെക്കൻഡറി മേഖലയിലുണ്ട്. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല

- എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ