ചേർത്തല: തണ്ണീർമുക്കം കണ്ടംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധകലശം 15 മുതൽ 20വരെ നടക്കും. രണ്ടുപതി​റ്റാണ്ടിന് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെയും മേൽശാന്തി ഗോവിന്ദകൃഷ്ണന്റെയും കാർമ്മികത്വത്തിലാണ് സഹസ്രകലശത്തോടെയുള്ള അഷ്ടബന്ധകലശം.
ഭക്തജനങ്ങളുടെയും നാടിന്റെയും ക്ഷേമത്തിനായി നടത്തുന്ന അഷ്ടബന്ധകലശത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് എസ്.ശശിധരൻ,സെക്രട്ടറി ഡി.രമേശൻ,വൈസ് പ്രസിഡന്റ് കെ.ജി.ഭാസ്‌കർ,ഖജാൻജി കെ.കെ.പുരുഷോത്തമൻനായർ,എക്സിക്യുട്ടീവ് അംഗം ഡി.അപ്പുക്കുട്ടൻനായർ എന്നിവർ അറിയിച്ചു. കലശദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനമടക്കം ക്രമീകരിച്ചിട്ടുണ്ട്. 15ന് വൈകിട്ട് ആചാര്യവരണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ഓളം തന്ത്രിമാർ പങ്കെടുക്കും. 20ന് 12.03നും12.57നും മദ്ധ്യേയാണ് അഷ്ടബന്ധസ്ഥാപനവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത്.