ആലപ്പുഴ: ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സുരക്ഷിത യാത്ര ഒരുക്കാതെയാണ് ആറാട്ടുവഴി, പോപ്പി പാലങ്ങൾ പൊളിച്ചുപണിയുന്നതെന്ന് ആരോപിച്ച്
പ്രതിഷേധം ശക്തം. പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ പുനർനിർമ്മാണം രണ്ട് മാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ ഇരുചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ താത്കാലിക ബണ്ട് ഒരുക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
എന്നാൽ, താത്കാലിക ബണ്ട് സുരക്ഷിതമല്ലെന്ന നിലപാടിലാണ് ഇപ്പോൾ അധികൃതർ. ആലപ്പുഴ - ചേർത്തല കനാലിലൂടെ ബോട്ടുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ ഉയരത്തിലാവും പുതിയ പാലങ്ങളുടെ നിർമ്മാണം. പുതിയ പോപ്പി പാലത്തിന് ആംബുലൻസ് കയറാവുന്ന വീതിയുണ്ടാകും.
വാഹനയാത്രക്കാർ നാടുചുറ്റണം
1.ആറാട്ടുവഴി പാലത്തിന് സമീപത്തെ താത്ക്കാലിക ബണ്ടിൽ കാൽനടയാത്ര മാത്രമേ സാദ്ധ്യമാകു. അതിനാൽ വാഹനയാത്രക്കാർ കൊമ്മാടി, മട്ടാഞ്ചേരി പാലങ്ങളെ ആശ്രയിക്കണം
2.താത്ക്കാലിക പാതയുടെ ബലം വർദ്ധിപ്പിച്ച് ഇരുചക്ര വാഹനങ്ങൾക്ക് കൂടി കയറാൻ സൗകര്യം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
3.നാല് മീറ്റർ വീതിയിലാണ് ആറാട്ടുവഴിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. അടിത്തറ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നടക്കുന്നു
4.പോപ്പി പാലം കഴിഞ്ഞ ദിവസം പൊളിക്കാൻ തീരുമാനിച്ചെങ്കിലും സമാന്തരപാത വിഷയത്തിൽ നാട്ടുകാർ രംഗത്തെത്തിയതോടെ പ്രവൃത്തി ആരംഭിച്ചിട്ടില്ല
അടിയന്തരമായി സമാന്തര ഗതാഗത സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് തുടക്കം കുറിക്കും
- എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി