തുറവൂർ: ആത്മീയതയുടെ അടിത്തറയിലൂടെ മാത്രമേ മനുഷ്യജീവിതത്തെ ധന്യമാക്കാൻ സാധിക്കൂവെന്ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റും ശിവഗിരിമഠാധിപതിയുമായ സ്വാമി സച്ചിതാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് പുത്തൻചന്ത ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യപ്രബോധന ധ്യാന യജ്ഞം നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയില്ലാതെയുള്ള സംഘടനകളും സമൂഹവും രാഷ്ട്രങ്ങളും അസംഘടിതമായി ശിഥിലമായി. ശ്രീനാരായണ ഗുരുദേവൻ സംഘടിച്ച് ശക്തരാകുവിൻ എന്ന് ഉപദേശിച്ച് ആത്മീയമായ അടിസ്ഥാനത്തിൽ സംഘടന സ്ഥാപിച്ചു പ്രവർത്തിച്ചപ്പോഴാണ് കേരളത്തിലെ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾക്ക് പുരോഗതി കൈവരിക്കാനായത്. ഗുരുദേവൻ എഴുപതോളം കൃതികളിലൂടെ ആത്മീയതയും ഭൗതികതയും രണ്ടും രണ്ടല്ല ഒരേയൊരു ജ്ഞാനസരണിയുടെ രണ്ട് പൂരകങ്ങളാണ് എന്ന് ഉപദേശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
ശിവഗിരി ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ധ്യാന സന്ദേശം നൽകി. ഗുരു ധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് സംസാരിച്ചു.
രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ മഹാഗുരു പൂജയ്ക്കു ശേഷം സ്വാമി ദേശികാനന്ദയതി, സ്വാമി അസംഗാനന്ദഗിരി, ശിശുപാലൻ ശാന്തി കുട്ടനാട് എന്നിവരുടെ നേതൃത്വത്തിൽ ശാന്തിഹവന യജ്ഞം നടന്നു. ശാഖാപ്രസിഡന്റ് പി.ടി. മുരളി, വൈസ് പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി എസ്.റെജിമോൻ, യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം എന്നിവർ നേതൃത്വം നൽകി. ഇന്ന് ശാന്തിഹവന യജ്ഞം, സമൂഹാർച്ചന, സർവൈശ്വര്യ പൂജ എന്നിവ നടക്കും. ഗുരുദേവന്റെ ഏകലോകദർശനത്തെക്കുറിച്ച് ധ്യാനാചാര്യനായ സ്വാമി സച്ചിദാനന്ദ ദിവ്യപ്രബോധനം നടത്തും.വൈകിട്ട് മഹാപ്രസാദ വിതരണത്തോടെ ദിവ്യപ്രബോധന ധ്യാനയജ്ഞം സമാപിക്കും.