ചേർത്തല : ക്യാൻസർ രോഗിയായ ബിനീപിന് റോട്ടറി ക്ലബ് ഒഫ് ചേർത്തല ടൗണിന്റെ സഹായഹസ്തം. പ്രായമായ മാതാപിതാക്കൾ മാത്രമുള്ള ചേർത്തല മുൻസിപ്പാലിറ്റി ഏഴാം വാർഡിൽ തറയിൽ ബിനീപിന്റെ വീട് അറ്റകുറ്റപ്പണി റോട്ടറി ക്ലബ് ഏറ്റെടുത്ത് നടത്തിക്കൊടുത്തു. ക്യാൻസർബാധിച്ച് ഒരു കാൽ മുറിച്ചു നീക്കപ്പെട്ട 43 കാരനായ ബിനീപിന്റെ ദുരിതാവസ്ഥ മന്ത്രി പി.പ്രസാദാണ് ചേർത്തല ടൗൺ റോട്ടറി ക്ലബ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വീട് അറ്റകുറ്റപ്പണിക്ക് പുറമെ ഒരു ഫാനും ഒരു ചാക്ക് അരിയും നൽകി. മന്ത്രി പി.പ്രസാദ് അവ വിതരണം ചെയ്തു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷാജി , റോട്ടറി ഭാരവാഹികളായ അബ്ദുൾ ബഷീർ, സന്തോഷ് കുമാർ, സെക്രട്ടറി ബസന്ത് റോയി തുടങ്ങിയവർ പങ്കെടുത്തു.