ആലപ്പുഴ : വിവിധ സർക്കാർ ഓഫീസുകളെ ഒരുകുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ ജംഗ്ഷനിൽ നിർമ്മിക്കാൻ ഉദ്ദ്യേശിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) റവന്യുവകുപ്പിന് സമർപ്പിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം
തയ്യാറാക്കിയ പത്ത് കോടിരൂപയുടെ ഡി.പി.ആർ ആണ് അനുമതിക്കായി സമർപ്പിച്ചത്.
റവന്യുവകുപ്പിന്റെ അനുമതി ലഭിച്ചാൽ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അംഗീകാരത്തിനായി ചീഫ് എൻജിനിയർക്ക് കൈമാറും. അംഗീകാരത്തിന് ശേഷമേ ടെണ്ടർ നടപടിയിലേക്ക് കടക്കാനാകു. സർക്കാർഅനുമതി ലഭിച്ചാലുടൻ സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ അമ്പലപ്പുഴ താലൂക്കിലെ രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷനാകും.
ബഡ്ജറ്റിൽ വകയിരുത്തിയത് 10കോടി
1. 20കോടിരൂപ വിനിയോഗിച്ച് അഞ്ചു നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയാണ് സർക്കാരിന് ആദ്യം സമർപ്പിച്ചത്. എന്നാൽ, കഴിഞ്ഞ ബഡ്ജറ്റിൽ 10കോടി മാത്രമാണ് വകയിരുത്തിയത്. ഇതേ തുടർന്നാണ് ഗ്രൗണ്ട് ഫ്‌ളോറും ആദ്യ നിലയും നിർമ്മിക്കാനുള്ള ഡി.പി.ആർ സമർപ്പിച്ചത്
2. കച്ചേരി ജംഗ്ഷനിലെ റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ സ്ഥലത്താണ് നിർമ്മാണം. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന കോടതിയും മറ്റ് ഓഫീസുകളും മറ്റൊരിടത്തേക്ക് മാറ്റിയതിന് ശേഷം വേണം നിർമ്മാണം ആരംഭിക്കാൻ
3. രാജഭരണ കാലത്തെ കെട്ടിടങ്ങളിലാണ് കോടതി, സബ് രജിസ്‌ട്രാർ, വില്ലേജ് , ട്രഷറി ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഇവമാറ്റി സ്ഥാപിക്കുന്നതിന് സമയമെടുക്കും. കോടതിക്കായി രണ്ട് കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്
4. മറ്റ് ഓഫീസുകൾക്ക് കെട്ടിടം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.പി.ആർ അംഗീകരിച്ച ശേഷമാകും ഓഫീസ് മാറ്റം
മിനി സിവിൽസ്റ്റേഷനിൽ
വില്ലേജ് ഓഫീസ്
സബ് ട്രഷറി
അസി. ലേബർ ഓഫീസ്
മജിസ്‌ട്രേട്ട് കോടതി
കൃഷിഭവൻ
കൃഷി അസി.ഡയറക്ടർ ഓഫീസ്
സബ് രജിസ്ട്രാർ ഓഫീസ്
പത്ത് കോടിയുടെ ഡി.പി.ആർ അംഗീകാരത്തിനായി റവന്യു വകുപ്പിന് സമർപ്പിച്ചു. പെരുമാറ്റ ചട്ടം തടസമായിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ചീഫ് എൻജിനിയറുടെ അനുമതിയോടെ ടെണ്ടർ ക്ഷണിക്കും
- എച്ച്.സലാം എം.എൽ.എ