ആലപ്പുഴ : വേനൽച്ചൂടിൽ നാടാകെ പൊള്ളുമ്പോൾ, ദാഹശമനത്തിന് പ്രധാനമായും ആളുകൾ ആശ്രയിക്കുന്ന ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരുന്നു. ഒരെണ്ണത്തിന് 10മുതൽ 12 രൂപവരെ നൽകണം. നാരങ്ങാവെള്ളത്തിന്റെ വിലയും 12രൂപയിൽ നിന്ന് 15ആയി. ഉപ്പിട്ട സോഡാ നാരങ്ങയ്ക്ക് 20രൂപ വരെ വാങ്ങുന്ന കടക്കാരുമുണ്ട്. 180- 200 രൂപയാണ് ഇപ്പോൾ നാരങ്ങയുടെ മൊത്തവില. ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് 200- 220 രൂപയ്ക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാരങ്ങ വില വീണ്ടും ഉയരാനാണ് സാദ്ധ്യത.
സംസ്ഥാനത്ത് പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ചെറുനാരങ്ങ കൃഷിയുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനവും കാലംതെറ്റിയ മഴയും ഉത്പാദനത്തിൽ കുറവുണ്ടാക്കി. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയാണ് ആശ്രയം. ചരക്കുകൂലി വർദ്ധനവും വിലകൂടാൻ കാരണമായി. 50കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. കേട് കാരണം ഇതിൽ 10കിലോയോളം നഷ്ടമാകും. ഈ നാരങ്ങ കിലോയ്ക്ക് 30-35രൂപ നിരക്കിൽ ഹോട്ടലുകൾക്ക് നൽകുകയാണ് പതിവ്.
ഒരു മാസത്തിനുള്ളിൽ വിലവർദ്ധന അഞ്ചിരട്ടി
കഴിഞ്ഞ മാസം മൊത്തവില 40-60 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 200 രൂപയാണ്
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും നാരങ്ങ വരവ്
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന നാരങ്ങായ്ക്ക് വലിപ്പം കൂടുതലാണ്
വലിപ്പം കുറവായതിനാൽ നാടൻ നാരങ്ങയ്ക്ക് ആവശ്യക്കാർ കുറവാണ്.
മൊത്ത വില കിലോയ്ക്ക് (രൂപയിൽ)
ഇപ്പോൾ
ഒന്നാംതരം....... 200
രണ്ടാം തരം.....150
കഴിഞ്ഞ മാസം
ഒന്നാംതരം....... 60
രണ്ടാം തരം..... 30
ചെറുകിട വില്പന.......180 മുതൽ 200വരെ
"സംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളിൽ നിന്ന് വേണ്ടത്ര നാരങ്ങ ലഭിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന നാരങ്ങയാണ് ചില്ലറ വില്പനക്കാർ തോന്നിയ വിലയിൽ വിൽക്കുന്നത്. മൊത്തക്കച്ചവടക്കാർ നൽകുന്നതിനേക്കാൾ 30 മുതൽ 40 രൂപ വരെ അധികം വാങ്ങിയാണ് വിൽപ്പന
-സുനിൽ കുമാർ, നാരങ്ങ വ്യാപാരി