വള്ളികുന്നം : കല്ലട ഇറിഗേഷൻ പ്രോജക്ട് കനാലിലെ ചോർച്ചയെത്തുടർന്ന് വള്ളികുന്നം പഞ്ചായത്ത് മൂന്നും നാലും വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. കൃഷിസ്ഥലങ്ങളും കന്നുകാലി ഫാമും വെള്ളത്തിലായി.
വള്ളികുന്നം നാലാം വാർഡിൽ പുത്തൻ ചന്തയ്ക്ക് പടിഞ്ഞാറുഭാഗത്ത് മണ്ണാടിത്തറ കോളനിയിലെ മനുഭവനം പുഷ്പ, തറയിൽ രോഹിണി, അനിൽവിലാസം അനിൽ, മൂന്നാം വാർഡിലെ നളിനി ഭവനിൽ ശങ്കരൻ, ഫാം ഉടമയായ ആഞ്ഞിലിവിളയിൽ സുഗതൻ എന്നിവരുടെ വീടുകളും വീടിനോട് ചേർന്നുള്ള സുഗതന്റെ ഫാമുമാണ് വെള്ളത്തിലായത്.
പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്. വേനൽ കടുത്തതിനെ തുടർന്ന് കനാൽ തുറന്നുവിട്ടത് വരൾച്ച രൂക്ഷമായ വള്ളികുന്നത്തിന് ആശ്വാസമായിരുന്നെങ്കിലും കനാലിന്റെ ജലസംഭരണികളിൽ പ്ളാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസപ്പെടുകയും കാലപ്പഴക്കത്തെ തുടർന്ന് കനാലിലുണ്ടായ വിള്ളലുകളുമാണ് ചോർച്ചയ്ക്ക് കാരണമായത്. വെള്ളിയാഴ്ച കനാലിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെയാണ് ചോർച്ച വർദ്ധിച്ച് വീടുകളും പരിസരവും വെള്ളക്കെട്ടിലായത്.
പച്ചക്കറി, വാഴകൃഷി നശിച്ചു
കൃഷിസ്ഥലങ്ങൾ ദിവസങ്ങളായി വെള്ളത്തിലായതോടെ പച്ചക്കറി,മരച്ചീനി, വാഴ കൃഷിീൾ നശിച്ചു
ഫാമും പരിസരവും വെള്ളത്തിലായതോടെ കന്നുകാലികൾക്കുള്ള തീറ്റപോലും സൂക്ഷിക്കാനാകാത്ത സ്ഥിതി
ഇടവിട്ട് മോട്ടോർ വച്ച് വെളളം പമ്പ് ചെയ്താണ് ഫാമിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നത്
വീടുകളുടെ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ നിറഞ്ഞതിനാൽ പ്രാഥമിക കൃത്യങ്ങൾക്ക് പോലും നാട്ടുകാർ ബുദ്ധിമുട്ടുന്നു
കനാലിലെ ചോർച്ച സംബന്ധിച്ച് പഞ്ചായത്ത്, കല്ലഠ ഇറിഗേഷൻ പദ്ധതി അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല
വർഷങ്ങൾ പഴക്കമുള്ള കനാലിൽ വർഷാവർഷം അറ്റകുറ്രപ്പണി നടത്താത്തതാണ് ചോർച്ചയ്ക്ക് കാരണം. എല്ലാവർഷവും വേനലിന് മുമ്പ് കനാൽ വൃത്തിയാക്കാനും ചോർച്ച അടയ്ക്കാനും നടപടിയുണ്ടാകണം
-സുഗതൻ,ഫാം ഉടമ
വീടുകൾ വെള്ളക്കെട്ടിലായത് കെ.ഐ.പി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനാവശ്യമായ നടപടി സ്വീകരിക്കും
- വിജയലക്ഷ്മി, നാലാം വാർഡ് മെമ്പർ