വള്ളികുന്നം : പട്ടാപ്പകൽ അഞ്ചുപേരെ കാട്ടുപന്നി ആക്രമിച്ചതിന്റെ ഭീതിയൊഴിയും മുമ്പ് വള്ളികുന്നത്ത് വീണ്ടും കാട്ടുപന്നി ആക്രമണം. വള്ളികുന്നം നാലാം വാർഡിൽ ഇലവുംമൂടിന് തെക്കുവശത്തെ വീടുകളുടെ പരിസരത്തും കൃഷി സ്ഥലങ്ങളിലുമാണ് കാട്ടുപന്നിയുടെ വിളയാട്ടമുണ്ടായത്. പഞ്ചായത്തംഗം വിജയലക്ഷ്മിയുടെയും അയൽവീടുകളുടെയും പരിസരത്ത് കഴിഞ്ഞ ദിവസം രാത്രിപ്രത്യക്ഷപ്പെട്ട കാട്ടുപന്നിക്കൂട്ടം തെങ്ങും തറയിൽ ബാബു കൃഷി ചെയ്ത വാഴകളും കുടുംബശ്രീ ഗ്രൂപ്പുകാരുടെ ചീനികൃഷിയും നശിപ്പിച്ചു.
വള്ളികുന്നം പഞ്ചായത്തിലെ ചേന്ദങ്കര ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച പട്ടാപ്പകലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ചേന്ദങ്കര കളത്തിവടക്കതിൽ അശോകൻ (58) ഇപ്പോഴും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുപന്നി നാട്ടുകാരെ ആക്രമിക്കാൻ തുടങ്ങിയതോടെ ഇവയെ വെടിവയ്ക്കാൻ വനംവകുപ്പിന്റെ അനുമതി പ്രകാരം ഷൂട്ടർ സ്ഥലത്തെത്തിയെങ്കിലും കാട്ടുപന്നിവേട്ട ഇപ്പോഴും സാദ്ധ്യമായിട്ടില്ല. വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിലെ പുഞ്ചകളിലും കുറ്റിക്കാടുകളിലുമാണ് ഒറ്റയ്ക്കും കൂട്ടായും കാട്ടുപന്നികളുടെ വാസം. കൃഷി നാശത്തിനും ജനജീവിതത്തിന് ഭീഷണിയുമായ കാട്ടുപന്നികളെ തുരത്താൻ ഗ്രാമ പഞ്ചായത്തും വനം വകുപ്പും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.