അമ്പലപ്പുഴ: ആവശ്യത്തിന് അഗ്നിശമന ഉപകരണങ്ങളുണ്ടെങ്കിലും തീ പിടിച്ചാൽ അഗ്നി രക്ഷാ സേന തന്നെ എത്തണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയാണിത്.
അഗ്നി രക്ഷാഉപകരണങ്ങൾ പഴക്കം ചെന്ന് തുരുമ്പുപിടിച്ച് കൂട്ടിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താനോ, പുതിയവ മാറ്റി സ്ഥാപിക്കാനോ ശ്രമിച്ചതുമില്ല. അമ്പതോളം അഗ്നി രക്ഷാഉപകരണങ്ങളാണ് ആശുപത്രിയുടെ ജി ബ്ലോക്കിലെ മുറിയിൽ ഇത്തരത്തിൽ നശിക്കുന്നത്.
കഴിഞ്ഞ വർഷം ആശുപത്രിക്ക് പിന്നിലെ മാലിന്യത്തിന് രണ്ട് തവണ തീ പടർന്നിരുന്നു. ആലപ്പുഴ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. പഴയ ബ്ലോക്കിന് സമീപത്തെ കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് തീ പടർന്നപ്പോഴും അവർ തന്നെ വരേണ്ടിവന്നു.അതേസമയം, അഗ്നി രക്ഷാഉപകരണങ്ങൾ വാങ്ങാനായി ആശുപത്രി സൂപ്രണ്ട് ഒരു കോടിരൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും സർക്കാർ അനുമതി നൽകിയില്ലെന്നാണ് അറിയുന്നത്.
നിരവധി കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയിട്ടും ജനരക്ഷയ്ക്ക് വേണ്ട അഗ്നി രക്ഷാഉപകരണങ്ങൾ സ്ഥാപിക്കാത്തത് രോഗികളോടും ജീവനക്കാരോടുമുള്ള അവഗണയാണെന്ന് ആക്ഷേപമുണ്ട്.