wa

ആലപ്പുഴ : യൂസർഫീ ഈടാക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭരിച്ച പ്ളാസ്റ്റിക്കിന്റെ സംസ്കരണവും കയറ്റുമതിയും മുടങ്ങിയതോടെ നഗരത്തിലെ സംഭരണ ശാലകളിൽ കെട്ടികിടക്കുന്നത് 170 ടൺ പ്ളാസ്റ്റിക്ക്. സംഭരണ ശാലകൾ നിറഞ്ഞുകവിയും വിധം പ്ലാസ്റ്റിക്ക് ശേഖരം വർദ്ധിക്കുകയും വേനൽ ചൂടിൽ തീപിടിത്തം പോലുള്ള അപകടങ്ങൾ പതിയിരിക്കുകയും ചെയ്തതോടെ തരംതിരിച്ച പ്ലാസ്റ്റിക്ക് ഉൾപ്പടെ കിട്ടിയ വിലയ്ക്ക് കൊടുത്ത് കാശാക്കുകയാണ് നഗരസഭ. 51 നഗരസഭാ വാർഡുകളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യമാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കളക്ഷൻ സെന്ററുകൾ പ്ളാസ്റ്റിക്ക് മാലിന്യ ചാക്കുകെട്ടുകൾ കൊണ്ട് നിറഞ്ഞതോടെ റോഡരികും പൊതുസ്ഥലങ്ങളുമെല്ലാം വീണ്ടും

പ്ളാസ്റ്റിക്ക് കൂനകളായി മാറി.

പ്ളാസ്റ്റിക്ക് കൈമാറലും മുടങ്ങി

1. വീടുകളിൽ നിന്ന് 50 രൂപവീതം യൂസർഫീ ഈടാക്കി കഴുകി ഉണക്കിയെടുത്ത പ്ളാസ്റ്റിക്ക് കവറുകളും കുപ്പികളുമാണ് ചാക്കുകെട്ടുകളായി പൊതുസ്ഥലങ്ങൾ അപഹരിക്കുന്നത്. വലിയ ചുടുകാടിന് സമീപത്തെ നഗരസഭവക കെട്ടിടം നിറഞ്ഞുകവിഞ്ഞു. കെട്ടിടങ്ങളും കളക്ഷൻ സെന്ററുകളും നിറഞ്ഞതോടെ പ്ളാസ്റ്റിക്ക് എവിടെ സൂക്ഷിക്കുമെന്നറിയാതെ അങ്കലാപ്പിലാണ് ഹരിതകർമ്മസേന.

2. പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് ടാറിംഗിനും മറ്റുമായി ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ കഴിയുമായിരുന്നെങ്കിലും റോഡ് നിർമ്മാണത്തിനായി പ്ളാസ്റ്റിക്ക് കൈമാറുന്ന പദ്ധതി നടത്തിപ്പും അവതാളത്തിലാണ്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളകമ്പനി, തദ്ദേശ സ്ഥാപനം എന്നിവരെല്ലാം പങ്കാളിയായ പദ്ധതി സംസ്ഥാനത്തെ 676 പഞ്ചായത്തുകളിലാണ് നടപ്പാക്കിയത്.

3. ജില്ലയിൽ ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളിൽപ്പെട്ട 17 തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളുടെ നിർമ്മാണത്തിനായി പ്ളാസ്റ്റിക്ക് നഗരസഭയിൽ നിന്ന് കൈമാറിയിട്ടുണ്ടെങ്കിലും സംഭരിച്ചതിന്റെ തോത് വച്ചുനോക്കുമ്പോൾ തുലോം തുച്ഛമാണ്. 2018 മുതലാണ് റോഡ് നിർമ്മാണത്തിനായി നഗരസഭയിൽ നിന്ന് പ്ളാസ്റ്റിക്ക് കൈമാറി തുടങ്ങിയത്.

4. 2024 വരെയുള്ള കണക്ക് പരിശോധിച്ചാൽ 2020ലും 2022ലും ഒരു കിലോ പ്ലാസ്റ്രിക്ക് പോലും കൈമാറിയിട്ടില്ല. മറ്റ് വർഷങ്ങളിലെ കണക്ക് താരതമ്യം ചെയ്താൽ നാലുവർഷങ്ങളിൽ ഏറ്റവും കുറച്ച് പ്ലാസ്റ്രിക്കാണ് കഴിഞ്ഞവർഷം കൈമാറിയത്.

ജില്ലയിൽ കളക്ഷൻ സെന്ററുകൾ

(തദ്ദേശ സ്ഥാപനം, എം.സി.എഫ്, ആർ.ആർ.എഫ് , മിനി എം.സി.എഫ് )​

നഗരസഭ: 9.........5.........102

ഗ്രാമപഞ്ചായത്ത്: 78........2.........1220

ബ്ളോക്ക് : 0..................9.....................0

ആകെ: 87...........16........1322