വള്ളികുന്നം : ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവറുടെ മൃതദേഹം വാടകവീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമൂട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറിനെയാണ് (60) പള്ളിക്കത്തറ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
രണ്ട് വർഷമായി ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ ഓട്ടത്തിനായി ചെല്ലാമെന്ന് ഒരു വീട്ടുകാരോട് ചന്ദ്രകുമാർ ഏറ്റിരുന്നു. സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെത്തുടർന്ന് ആ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണപ്പെട്ട വീടിന്റെ മുന്നിലെയും പിന്നിലെയും കതകുകൾ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വളളികുന്നം സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ അമ്പിളി. മക്കൾ: സന്ദീപ്, സ്വാതി.