പൂച്ചാക്കൽ: ഉൽകൃഷ്ഠമായ ജീവിതം നയിക്കാനുള്ള സാരോപദേശങ്ങളാണ് ശ്രീനാരായണ ദർശനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കൺവീനർ കെ.എൽ.അശോകൻ പറഞ്ഞു. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുദർശനം 2024 പഠന ക്ലാസ്, പള്ളിപ്പുറം 761-ാം നമ്പർ ശാഖ സന്മാർഗദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഗുരുദർശനവും ധർമ്മവും സന്ദേശങ്ങളും പകർന്ന് നൽകേണ്ട ഉത്തരവാദിത്തം യോഗം പ്രവർത്തകർ ഏറ്റെടുക്കണം. ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധി ഗുരുദർശനത്തിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ടാണ് ലോകമെമ്പാടുമുള്ള ആത്മീയ ഗുരുക്കന്മാരും നേതാക്കളും ഗുരുവചനങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. കോട്ടയം ഗുരുദേവ സമിതിയിലെ ഷൈലജ ഷാജി ക്ലാസ് നയിച്ചു. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി പഠന സന്ദേശം നൽകി. രതീഷ് പനയന്തിൽ പഠനോപകരണ വിതരണം നടത്തി. പി.പി.ദിനദേവൻ, പി.വിനോദ്, ആർ.ദേവദാസ്, രേണുക മനോഹരൻ, ബേബി ബാബു, അജി ഗോപിനാഥൻ, അഖിൽ അപ്പുക്കുട്ടൻ, ശ്യാം, മഹേഷ്, സുധീർ കോയിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. മേഖല കൺവീനർ ബിജുദാസ് സ്വാഗതവും വൈസ് ചെയർമാൻ ടി.ഡി.പ്രകാശൻ നന്ദിയും പറഞ്ഞു.