തുറവൂർ: ദേശീയപാതയിലെ തുറവൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നു. ജംഗ്ഷനിലൂടെ കടന്നു പോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിലൂണ്ടായ ചോർച്ചയെ തുടർന്നാണ് പമ്പിംഗ് സമയത്ത് വെള്ളം വൻതോതിൽ ഒഴുകുന്നത്. ജംഗ്ഷന് കിഴക്കോട്ട് ഒഴുകുന്ന വെള്ളം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കെട്ടിനിൽക്കുന്നുണ്ട്. ദിവസങ്ങളായി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ദേശീയപാതയുടെ കിഴക്ക് ഭാഗത്തുണ്ടായ ഈ ലീക്ക് പരിഹരിക്കുന്നതിന് റോഡ് പൊളിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണികൾക്കായി കുടിവെള്ള വിതരണം നിർത്തിവയ്ക്കേണ്ടി വരുമെന്നും സൂചനയുണ്ട്.