അമ്പലപ്പുഴ: കഴിഞ്ഞ നൂറ് വർഷങ്ങൾക്കിടയിൽ ജനസംഖ്യയിലുണ്ടായിട്ടുള്ള കുറവാണ് കേരളത്തിലെ ഹിന്ദുസമാജം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ ബജ്‌റംഗ് ലാല്‍ ബാഗ്രി പറഞ്ഞു. മാതൃശക്തി സംസ്ഥാന പ്രശിക്ഷൺ വർഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരമതസ്ഥർ ജനസംഖ്യാവർദ്ധനയിലൂടെ വോട്ടുബാങ്കുകളായി മാറുകയും അധികാരം കൈയ്യാളുകയും ചെയ്യുമ്പോൾ ഹിന്ദു സമാജം 50 ശതമാനത്തിലേക്ക് കുറഞ്ഞുപോയത് ഏറെ ശ്രദ്ധയോടെ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാർ അദ്ധ്യക്ഷയായി. വി.എച്ച്.പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു.ജി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, സ്വാഗതസംഘം ചെയർമാൻ വി.കെ. സുരേഷ്ശാന്തി, സംസ്ഥാന സമിതി അംഗം കോമളം, സ്വാഗത സംഘം ജനറൽ കൺവീനർ എം. ജയകൃഷ്ണൻ, ശിബിര അധികാരി ലളിതാ രാജശേഖരൻ എന്നിവർ സംസാരിച്ചു.