hj

ആലപ്പുഴ: അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവും മാത്രമല്ല, ലാഭകരവുമാണെന്ന് പന്ത്രണ്ടുവയസുകാരി അമൃതവർഷിണി പറയും. വെക്കേഷൻ കാലത്ത് വരുമാനം ഉണ്ടാക്കണമെന്ന വേറിട്ട ചിന്ത തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കുമ്പളശ്ശേരിൽ വടക്കെതിൽ വീട്ടിൽ സുധീർകുമാറിന്റെയും നീതുവിന്റെയും മൂത്ത മകളായ അമൃതയെ എത്തിച്ചത് പുതിയ സംരംഭത്തിൽ. മികച്ച കൈയക്ഷരത്തിലൂടെ ഉജ്ജ്വല ബാല്യം പുരസ്ക്കാരമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അമൃതയ്ക്ക് ചിത്രരചനയിലെ പ്രാവീണ്യം ഇതിന് കൂട്ടായി.

സ്കൂളിലെ കൂട്ടുകാരിയിൽ നിന്ന് മനസിലാക്കിയ മണ്ടേല ആർട്ടിലായിരുന്നു ആദ്യ ചിത്രങ്ങൾ പൂർത്തിയാക്കിയത്. പിന്നീട് ഇന്റർനെറ്റിലെ പല ചിത്രങ്ങളും പകർത്തി വരച്ചു. ചിത്ര രചന പഠിച്ചിട്ടില്ലാത്ത അമൃത ക്രമേണ സ്വന്തം ആശയങ്ങളെ ചിത്രങ്ങളാക്കി.

പന്ത്രണ്ടുവയസുകാരി വരച്ച ചിത്രങ്ങൾ വാങ്ങാൻ ആളുണ്ടാകുമോ എന്ന ആശങ്ക അമ്മ നീതുവിനുണ്ടായിരുന്നു. എന്നാൽ, മകളുടെ ആശയം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ അതെല്ലാം തകിടം മറിഞ്ഞു. ധാരാളം പേർ അമൃതയ്ക്ക് പ്രോത്സാഹനവുമായെത്തി. ഫ്രെയിം ചെയ്ത ചിത്രങ്ങൾക്ക് വലിപ്പമനുസരിച്ച് 250 മുതൽ 350 രൂപയാണ് വില. ഓർഡർ അനുസരിച്ച് ചിത്രങ്ങൾ പൂർത്തിയാക്കി വീടിന് സമീപത്തെ സ്റ്റുഡിയോയിൽ ഫ്രെയിം ചെയ്താണ് വിൽപ്പന.

സമ്പാദ്യം എണ്ണായിരം രൂപ !

നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അമൃതവർഷിണി, എണ്ണായിരം രൂപയുടെ ചിത്രങ്ങൾ അവധിക്കാലത്ത് തന്നെ വിറ്റഴിച്ചു. ഇതിൽ നിന്ന് അനുജത്തി രണ്ടാം ക്ലാസുകാരി അനന്തലക്ഷ്മിക്കുള്ള ബാഗ്, പുസ്തകങ്ങൾ, മഴക്കോട്ട്, ടിഫിൻ ബോക്സ്, ചെരുപ്പ് തുടങ്ങി ഏഴായിരം രൂപയുടെ സാധനങ്ങൾ സമ്മാനിക്കാൻ അമൃതയ്ക്ക് കഴിഞ്ഞു.

ഉജ്ജ്വലബാല്യം പുരസ്ക്കാരത്തിന് പുറമേ പൂനെ നാഷണൽ അക്കാദമി ഒഫ് ആർട്ട് എഡ്യൂക്കേഷന്റെ 2022ലെ മികച്ച കൈയക്ഷരത്തിനുള്ള പുരസ്‌ക്കാരം, പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ബ്രിട്ടീഷ് വേൾഡ് റെക്കാഡും കലാമസ് വേൾഡ് റെക്കാഡുമടക്കം നിരവധി അംഗീകാരങ്ങൾ ഈ കൊച്ചു പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കവിതാരചന, പദ്യപാരായണം, പ്രസംഗം, ചിത്രരചന തുടങ്ങിയ മേഖലകളിലും അമൃതവർഷിണി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മകൾ ഇത്തരമൊരു ആശയം പങ്കുവച്ചപ്പോൾ ജനങ്ങളിൽ നിന്ന് ഇത്രത്തോളം പിന്തുണ ലഭിക്കുമെന്ന് കരുതിയില്ല. പണത്തെക്കാളുപരി മകളുടെ ചിത്രങ്ങൾ വീടുകളിൽ കാണുമ്പോഴുള്ള അഭിമാനവും സന്തോഷവും വളരെ വലുതാണ്

- നീതു സുധീർ, അമൃതയുടെ അമ്മ