ph

യുവാക്കളെ പരിശീലനത്തിന് അയയ്ക്കും

കായംകുളം/ആലപ്പുഴ : കായംകുളം കെ.പി റോഡിൽ അഭ്യാസപ്രകടനം നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ പിടിച്ചെടുത്തു. രണ്ടാഴ്ച മുമ്പ് സമാനകുറ്റത്തിന് മൂന്ന് യുവാക്കളെ നല്ല നടപ്പിന് വിധേയരാക്കിയതിന് തൊട്ടുപിന്നാലെയാണ് അതേ റോഡിൽ മറ്റൊരു കൂട്ടം യുവാക്കൾ കുറ്റകൃത്യം ആവർത്തിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് കായംകുളം രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇട‌യിലായിരുന്നു വിവാഹത്തിന് പോവുകയായിരുന്ന ഏഴംഗസംഘം കാറിൽ നിന്ന് തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്തത്. ദൃശ്യങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതിയായി ലഭിച്ചു.

ഇതോടെ പ്രതികൾ വാഹനം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആർ.സി റദ്ദാക്കുമെന്ന മുന്നറിയിപ്പ് ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു നൽകിയിരുന്നു. ഓച്ചിറ മേമന സ്വദേശി മറിയത്തിന്റെ പേരിലുള്ള കാർ ഞായറാഴ്ച രാത്രി 8.30ഓടെ അന്വേഷണസംഘം പിടിച്ചെടുത്തു. കാറോടിച്ചിരുന്ന ഓച്ചിറ സ്വദേശി മർഫീൻ അബ്ദുൾ കരീമിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇയാൾ വാഹനഉടമയുടെ സഹോദരനാണ്. കാറിലുണ്ടായിരുന്ന സംഘത്തിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയച്ചു. മറ്റൊരാൾ നടുവിലെ സീറ്റിലായിരുന്നതിനാൽ തലയോ ശരീരമോ പുറത്തേക്ക് ഇട്ടിരുന്നില്ല. ഓച്ചിറ സ്വദേശികളായ മാഹിൻ അബ്ദുൾ കരീം, ആഷിഖ്, ഷാമോൻ, എ.ഹസ്സൻ എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിൽ എട്ട് ദിവസത്തെ പരിശീലനത്തിന് അയയ്ക്കും. അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂട്ടിലും 3ദിവസം പാലിയേറ്റിവ് കെയറിലുമാകും ഇവരെ നിയോഗിക്കുക. ജൂൺ മൂന്നിന് ആരംഭിക്കുന്ന ബാച്ചിൽ പ്രവേശിക്കുന്നതിന് ഇവർ സമ്മതപത്രം നൽകി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയരാക്കുന്നത്.